സംസ്ഥാനത്തിന്റെ അനാസ്ഥ; തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി നഷ്ടമാകുന്നു

Tuesday 7 June 2016 10:18 pm IST

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച തൊഴില്‍ നൈപുണ്യ പരിശീലനപദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം കേരളത്തിന് നഷ്ടമാകുന്നു. ഒന്‍പതാംക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കാത്ത രാജ്യത്തെ ഏകസംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസ മേഖല വന്‍ പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം കോടിക്കണക്കിന് രൂപയും വിദ്യാര്‍ത്ഥികളുടം ഭാവിയും തുലയ്ക്കുന്നത്. കെട്ടിടനിര്‍മ്മാണം, പെണ്‍കുട്ടിക്കായുള്ള സ്‌കോളര്‍ഷിപ്പ്, അധ്യാപകപരിശീലനം, സ്മാര്‍ട്ട് ക്ലാസ്‌റും, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, പിന്നോക്ക-വനവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് വന്‍തോതില്‍ കേന്ദ്രസഹായം ലഭ്യമാകുന്നത്. പദ്ധതി നടപ്പിലാക്കുന്നതില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് വീഴ്ച വരുത്തിയ സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ അനാദായകരമെന്ന് പറഞ്ഞ് സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ സ്‌കൂള്‍ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയത്. കൃഷി, വ്യവസായം, നിര്‍മ്മാണം, സേവനം, വിനോദസഞ്ചാരമടക്കം 71 മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി നടപ്പിലാക്കിയാല്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുവാനും അവരുടെ അഭിരുചി അനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കാനും പുതിയ കണ്ടെത്തലുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ കഴിയുന്നതിലൂടെ കേരളത്തിന്റെ സമഗ്രപുരോഗതിക്കും സഹായകമാവുകയും ചെയ്യുമായിരുന്നു. പദ്ധതിയനുസരിച്ച് 9, 10 ക്ലാസുകളില്‍ പരിശീലനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് 6,500 രൂപ വീതം ലഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു പഠനം കഴിയുമ്പോഴും ഇതേ തുക ലഭിക്കും. കൂടാതെ പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കുന്നതിനായി ഒരുലക്ഷം രൂപവരെയും ലഭിക്കുന്ന പദ്ധതിയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.