കൈയേറ്റത്തിന്റെ പ്രതാപത്തില്‍ സിപിഐ ഓഫീസ്

Tuesday 7 June 2016 10:25 pm IST

മൂന്നാര്‍-ദേവികുളം റോഡിലാണ് സിപിഐയുടെ ഓഫീസ്. നാല് നിലകളുള്ള മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മറ്റ് മൂന്ന് നിലകള്‍ സ്വകാര്യ റിസോര്‍ട്ടിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. റോഡില്‍ നിന്നും തീര്‍ത്ത പാലത്തിലൂടെയാണ് ഓഫീസിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. റോഡ് കൈയേറിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2007ല്‍ കൈയേറ്റം ഒഴിപ്പിച്ച സംഘം ഈ പാലം പൊളിച്ച് നീക്കിയിരുന്നു. സിപിഐ റവന്യൂവകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഈ നടപടി. സിപിഐയുടെയും സിപിഎമ്മിന്റെയും പ്രാദേശിക ഘടകങ്ങള്‍ ഇതിനെ എതിര്‍ത്തെങ്കിലും പാലം പൊളിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പാലം പുനസ്ഥാപിക്കുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥരും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നില്ല. ഇപ്പോള്‍ വീണ്ടും ഇടത് പക്ഷം അധികാരത്തിലെത്തിയിരിക്കുന്നു. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന പാലം അവിടെത്തന്നെയുണ്ടാകുമെന്നാണ് മൂന്നാറിലെ സിപിഐക്കാര്‍ പറയുന്നത്. റവന്യൂ മന്ത്രിയായിരുന്നു കെ. ഇ. ഇസ്മയില്‍ വിതരണം ചെയ്ത രവീന്ദ്രന്‍ പട്ടയത്തിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രവീന്ദ്രന്‍ പട്ടയത്തിന്റെ ആധികാരികത വരെ മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പട്ടയം നല്‍കിയ മുന്‍ ദേവികുളം അഡീഷണല്‍ സഹസീല്‍ദാര്‍ എല്ലാം നിയമത്തിന്റെ വഴിയേയാണ് ചെയ്തിരിക്കുന്നതെന്ന നിലപാടുമായി രംഗത്തെത്തിയപ്പോള്‍ സര്‍ക്കാരിന് ഒന്നും പറയാനുണ്ടായിരുന്നില്ല. ആറ്റുകാട് എന്ന സ്ഥലത്ത് നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. പോതമേട് വ്യൂപോയിന്റില്‍ നിന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം കൃത്യമായി കാണാം. പരിസ്ഥിതി ലോല മേഖലയായ ഇവിടെ പത്ത് നിലകളോടുകൂടിയ കെട്ടിടം നിര്‍മ്മിക്കാന്‍ പറ്റിയ അടിത്തറയാണ് ഉയര്‍ന്നിരിക്കുന്നത്. ഒന്നാം നിലയുടെ പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇവിടെ സ്റ്റോപ്പ് മെമ്മൊ നല്‍കിയിട്ടും നിര്‍മ്മാണം പുരോഗമിക്കുകയാണ്. മൂന്നാര്‍ ഇക്കാ നഗറില്‍ പ്രമുഖ അഭിഭാഷകന്റെ ബന്ധുക്കളുടെ പേരിലുള്ള ധന്യശ്രീ റിസോര്‍ട്ടാണ് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന്റെ ഗതിമാറ്റിയത്. പട്ടയ ഭൂമിയിലാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ വസ്തു കൈയേറിയെന്ന ആക്ഷേപത്തെത്തുടര്‍ന്ന് റിസോര്‍ട്ടിന്റെ മുന്‍ഭാഗം പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ റിസോര്‍ട്ടുകാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങി. വളരെ ചുരുങ്ങിയ സ്ഥലത്ത് കെട്ടിട നിര്‍മ്മാണ ചട്ടം പാലിക്കാതെ ആറ് നിലകളിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് കൊട്ടടുത്താണ് എസ്.എന്‍. അനക്‌സ് എന്ന പേരില്‍ നാല് നിലകളിലുള്ള മറ്റൊരു റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഇതാണ് സിപിഎമ്മിന്റെ മൂന്നാര്‍ ഏരിയ കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ള മന്ദിരം. മൂന്ന് നിലകള്‍ റിസോര്‍ട്ടുകാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. താഴത്തെ നിലയിലാണ് പാര്‍ട്ടി ഓഫീസ്. ധന്യശ്രീ റിസോര്‍ട്ടിന് മേല്‍ ആരോപിച്ച നിയമ ലംഘനം ഈ മന്ദിരത്തിനും ബാധകമാണെന്ന നിലപാട് ഉയര്‍ന്നതോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ സംഘത്തിന് ഉന്നതങ്ങളില്‍ നിന്നും വിളി വന്നു. ധന്യശ്രീ റിസോര്‍ട്ടിന്റെ മുന്‍ഭാഗം ഇടിച്ചു നിരത്തിയാല്‍ സിപിഎമ്മിന്റെ മണിമാളികയും നീക്കേണ്ടിവരുമെന്ന് സിപിഎമ്മിനറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക സംഘം പിന്‍ വാങ്ങുകയായിരുന്നു. ഇപ്പോള്‍ ധന്യശ്രീയും സിപിമ്മിന്റെ കെട്ടിടവും പഴയ തലയെടുപ്പോടെ പ്രവര്‍ത്തിക്കുന്നുണ്ട്.മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ പഞ്ചായത്തിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും അനുമതി വേണണെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2010-ലാണ് ഇത് സംബന്ധിച്ച് വിധിയുണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഈ വിധി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ശ്രമിച്ചില്ല. കഴിഞ്ഞയാഴ്ച മൂന്നാര്‍ ആര്‍ഡിഒ സമിന്‍ സമദ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ ഇപ്പോള്‍ നടന്ന് വരുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഉത്തരവ്. ജില്ലാ കളക്ടറുടെ ഉത്തരവില്ലാതെ ഒരു കെട്ടിടവും നിര്‍മ്മിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നയാളാണ് താനെന്ന് അറിയിക്കാനാണ് ആര്‍ഡിഒ ഇത്തരത്തില്‍ ഉത്തരവിട്ടതെന്ന് ആക്ഷേപം ശക്തമാണ്. മൂന്നാര്‍ കെഡിഎച്ച് വില്ലേജില്‍ തന്നെ മുപ്പതോളം പേര്‍ക്ക് സ്‌റ്റോപ്പ് മെമ്മൊയും നല്കി. ഈ സ്റ്റോപ്പ് മെമ്മൊ നല്‍കിയവരുടെ ലിസ്റ്റില്‍ ചെറുകിട കൈയേറ്റക്കാരുടെ മാത്രം പേരുകളാണ് ഉള്ളത്. വമ്പന്‍ കൈയേറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കൈയേക്കാരനായ സിപിഎം വിമതന്റെ രണ്ട് നിലകെട്ടിടം പൊളിച്ചതാണ് മൂന്നാറിന്‍ അടുത്ത കാലത്ത് നടന്ന ഒരു ഒഴിപ്പിക്കല്‍. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് നാട്ടില്‍പാട്ടാണ്. ഏലക്കാടുകളിലടക്കം കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയരുമ്പോഴും ചെറുകിടകൈയേങ്ങള്‍ക്ക് നോട്ടീസ് നല്‍കി വമ്പന്‍മാരെ രക്ഷപെടുത്തുകയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി. (നാളെ: മൂന്നാറിന്റെ ഭാവി എന്തായിരിക്കും?)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.