ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനകാലാവധി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണം: എബിവിപി

Tuesday 7 June 2016 10:35 pm IST

തിരുവനന്തപുരം: മഴക്കാലാനുബന്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയ സമ്പന്നരായ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനെന്ന വിശദീകരണത്തോടെ മേയ് 31ന് വിരമിക്കേണ്ടിയിരുന്ന ഭാരതീയ ചികിത്സാവകുപ്പിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ആറുമാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് എബിവിപി. ആയുര്‍മേഖലയിലെ ഡോക്ടര്‍മാര്‍ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന ഇക്കാലത്ത് വിരമിക്കല്‍ കാലം നീട്ടിക്കൊടുക്കുന്ന ഉത്തരവ് നിലവിലെ റാങ്ക് ലിസ്റ്റിലുള്ള പി.ജി വിദ്യാര്‍ത്ഥികളടക്കമുള്ളവരോടുമുള്ള വെല്ലുവിളയാണ്. പി.ജി യോഗ്യത അടക്കമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ മറ്റാരെക്കാളും കഴിവോ യോഗ്യതയോ കുറഞ്ഞവരാണെന്ന് വിശ്വസിക്കാനാവില്ല. ആയുര്‍വേദ ശാസ്ത്രത്തില്‍ വര്‍ഷം, വേനല്‍, മഞ്ഞ് മുതലായ ആറ് ഋതുക്കള്‍ക്കുമനുസൃതമായി രോഗപ്രതിരോധ നടപടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതിനാലും വൈദ്യന്മാരുടെ പരിചയ സമ്പന്നത ദിനംതോറും വര്‍ദ്ധിക്കുമെന്നതിനാലും ഉത്തരവില്‍ പറഞ്ഞതുപോലെ പരിചയസമ്പന്നത ഉപയോഗപ്പെടുത്താനാണെങ്കില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ മരണംവരെ അതാതു തസ്തികകളില്‍ നിലനിര്‍ത്തുക എന്ന യുക്തിയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക. മഴക്കാലം മാത്രമല്ല വേനലിന്റെ കാഠിന്യവും അനുബന്ധരോഗങ്ങളും കൊല്ലം തോറും വര്‍ദ്ധിക്കുന്നു എന്നതും ഇതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇനിയും ഇത്തരം ഉത്തരവുകളുടെ സാധ്യത കാണാം. ഇതേ പരിചയസമ്പന്നതാവാദം മറ്റനേകം വകുപ്പുകളും പ്രയോഗിക്കാനിടയുണ്ട്. കൂടാതെ മുമ്പൊന്നും ചെയ്യാത്തവിധം ഇത്തരത്തില്‍ ഒരു ഉത്തരവ് സ്ഥാനമേറ്റ ഉടനെത്തന്നെ സംസ്ഥാന ഭരണകൂടം പുറത്തിറക്കിയതില്‍ ദുരൂഹതയുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റേ സര്‍ക്കാര്‍ ജോലി സാധ്യതയുടെ കടക്കല്‍ കത്തിവയ്ക്കുന്ന ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ. രാഖേഷ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എബിവിപി പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.