സമരം ശക്തമാക്കി മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷണ സമിതി

Wednesday 8 June 2016 12:30 pm IST

മലാപ്പറമ്പ് എയുപി സ്‌കൂളിന് മുന്നില്‍ ഇന്നലെ നടന്ന ഉപരോധം

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സംരക്ഷണ സമിതി നടത്തുന്ന ജനകീയ പ്രതിരോധ സമരം 62 ദിവസം പിന്നിട്ടു. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടന്ന സമരം കൂടുതല്‍ ശക്തമായിരുന്നു. യുവജന-വിദ്യാര്‍ത്ഥി സംഘടനകളും, കൂടുതല്‍ നാട്ടുകാരും സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും ഇന്നലെ സമരത്തിന് പിന്തുണയുമായി എത്തി.
കോടതി വിധി നടപ്പാക്കാന്‍ എഇഒ എത്തുകയാണെങ്കില്‍ സംരക്ഷണം നല്‍കാനായി കനത്ത പോലീസ് സംഘവും ഇന്നലെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാണെന്ന് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘത്തെ പിന്‍വലിക്കുകയായിരുന്നു. ജലപീരങ്കി അടക്കമുള്ള സംവിധാനത്തോടെയായിരുന്നു പോലീ സ് സ്ഥലത്ത് നിലയുറപ്പിച്ചത്. ഉച്ചക്ക് ശേഷം എഇഒയും സംഘവും എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അവര്‍ എത്തിയില്ല. തുടര്‍ന്ന് വൈകിട്ടോടെ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു. ഇന്നും സമരം നടത്തുമെന്നും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നുമാണ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് സമാപിക്കും.
ഇന്നലെ നടന്ന സമരം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സതീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാസി മലാപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, നമ്പിടി നാരായണന്‍, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, പ്രൊഫ. ജോബ്കാട്ടൂര്‍, ടി വി ബാലന്‍, എ. ശേഖരന്‍, ഇ.എം. രാധാകൃഷ്ണന്‍, ടി.ജെ. ഡിക്‌സണ്‍, നവാസ്, ലിന്റോജോസഫ്, എസ്‌കെ. സജീഷ്, പ്രൊ ഫ. കെ.എന്‍ ഗണേഷ്, പ്രബീഷ്, സതീശന്‍, പി.ജി പ്രമോദ്, പി. എം.ശ്രീകുമാര്‍, പി. എച്ച് താഹ, ആര്‍.കെ. ഇരവില്‍ എന്നിവര്‍ സംസാരിച്ചു. എ. പ്രദീപ്കുമാര്‍ എംഎല്‍എയും ഇന്നലെ സ്‌കൂളില്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.