അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു

Wednesday 8 June 2016 10:04 pm IST

ബാക്കി പത്രം… താഴത്തങ്ങാടി തളിയില്‍കോട്ടയില്‍ മഴയെത്തുടര്‍ന്ന് തകര്‍ന്നുവീണ
അങ്കണവാടിയില്‍ നിന്നും ഭൂപടവുമായി പുറത്തുവരുന്ന അദ്ധ്യാപിക

കോട്ടയം: ഇടിഞ്ഞുവീണ അങ്കണവാടി കെട്ടിടത്തിനുള്ളില്‍നിന്നും രണ്ടുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. താഴത്തങ്ങാടി തളിയില്‍ക്കോട്ട ഗവ. മുഹമ്മദിന്‍ യുപിസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 77-ാം നമ്പര്‍ അങ്കണവാടി കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടം ഇടിഞ്ഞുവീഴുന്ന സമയം രണ്ട് കുട്ടികളാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് ക്ലാസില്‍ ഉണ്ടായിരുന്ന കുട്ടികളെയുമെടുത്ത് ടീച്ചറു ആയയുംപുറത്തേക്ക് ചാടിയതിനാലാണ് ദുരന്തം ഒഴിവായത്. ഈ കുട്ടികള്‍ ഇരുന്ന ബഞ്ചിനു മുകളിലേക്കാണ് കെട്ടിടം നിലംപൊത്തിയത്. സാധാരണ നിലയില്‍ രാവിലെ 9.30നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പഠനമുറിയും ഉച്ചകഞ്ഞി പാകംചെയ്യുന്ന അടുക്കളയും സ്റ്റോര്‍ റൂമും ഉള്‍പ്പെടുന്ന കെട്ടിടഭാഗങ്ങളാണ് തകര്‍ന്നുവീണത്. ഉച്ചക്കഞ്ഞി പാകംചെയ്യുന്ന മൈമുനത്ത് എന്ന ജീവനക്കാരി അരി എടുക്കുന്നതിനായി സ്റ്റോര്‍റൂമില്‍ എത്തിയപ്പോള്‍ കെട്ടിടത്തിന്റെ മോന്തായം ഒടിയുന്ന ശബ്ദം കേട്ടു. ഉടന്‍തന്നെ അങ്കണവാടി ടീച്ചറെ വിളിച്ച് വിവരം അറിയിച്ചു. ഓടിയെത്തിയ ടീച്ചറും മൈമൂനത്തും ചേര്‍ന്ന് രണ്ടുകുട്ടികളേയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്താണ് കുട്ടികള്‍ ഇരുന്ന ക്ലാസ്മുറി അടക്കം കെട്ടിടം തകര്‍ന്നുവീണത്. അരിയും പച്ചക്കറിയും മറ്റും സൂക്ഷിക്കുന്ന ഭാഗവും ഇപ്പോള്‍ ഇടിഞ്ഞുവീണ കെട്ടിടഭാഗങ്ങള്‍ക്ക് ഇടിയിലാണ്. ഈ സമയം പാചകം ചെയ്യുന്ന ജീവനക്കാരി സ്റ്റോര്‍ റൂമില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ദാരുണമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 1968-ല്‍ പ്രവര്‍ത്തനം ആരംഭിച്ച തളിയില്‍കോട്ട യുപിസ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലം ജീര്‍ണാവസ്ഥയിലാണ്. വാര്‍ഷിക അറ്റകുറ്റ പണികള്‍ കൃത്യമായി നിര്‍വ്വഹിക്കാത്തതുകൊണ്ട് പട്ടികകള്‍ ചിതലെടുത്തും ചോര്‍ന്നൊലിക്കുന്നതുമായ അവസ്ഥയിലാണ് ഈ സ്‌കൂള്‍. 38ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിന് ഭയപ്പെടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.