പിണറായി (കണ്ണൂര്‍): മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി. കണ്ണൂര്‍ പിണറായിയില്‍ സിപിഎം അക്രമത്തിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാ ജനങ്ങളുടെയും ക്ഷേമത്തിന് പ്രവര്‍ത്തിക്കേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദേഹം പാര്‍ട്ടിക്കാരനായി മാറരുത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ജനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിയമം നടപ്പാക്കുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നീ ഉത്തരവാദിത്വങ്ങള്‍ മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം നാട്ടില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതും നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതും മുഖ്യമന്ത്രിയുടെ ധാര്‍മ്മിക ബാധ്യതയാണ്.
അക്രമികളെ സംരക്ഷിക്കുന്ന നടപടി മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. ഇതിനാല്‍ ഉടന്‍ നഷ്ടപരിഹാരം നല്കാന് മുഖ്യമന്ത്രി തയാറാവണം. നിയമ സംവിധാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.
ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട നാടാണ് മുഖ്യമന്ത്രിയുടെ നാടെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രിയുടെ കുടുംബക്കാരായ ബിജെപി പ്രവര്‍ത്തകരെ പോലും അക്രമിച്ചു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ രക്ത ബന്ധത്തിനു പോലും വില കല്‍പ്പിക്കാതെ അക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു സിപിഎം. രാജ്യത്ത് അസഹിഷ്ണുതയെന്ന് വ്യാജ പ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകളാണ് ലോകത്തെ ഏറ്റവും വലിയ അസഹിഷ്ണുക്കള്‍. പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ എതിര്‍ക്കുന്നവരെയെല്ലാം ശത്രുക്കളായി കാണുകയും നിയമ സംവിധാനങ്ങളോടുള്പ്പെടെ ഒന്നിനോടും ബഹുമാനമില്ലാത്ത ഇക്കൂട്ടര്‍ നാടിന്റെ വികസന വിരോധികളാണ്.
കണ്ണൂരിലെ സിപിഎം അക്രമങ്ങള്‍ക്കിരയായവര്‍ ആരും മറക്കപ്പെടില്ലെന്നും രാഷ്ട്രം ശ്രദ്ധിക്കുന്നുണ്ടെന്നും ദേശീയ ഭരണകൂടം ഇത് പ്രത്യേകം ശ്രദ്ധിക്കുമെന്നും എംപി പറഞ്ഞു. സമാധാനത്തിന് ഒന്നായി പ്രവര്‍ത്തിക്കണമെന്നും നിയമസംവിധാനം ഉറപ്പു വരുത്തി നാട്ടില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.
പിണറായിയില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുളള ധനസഹായം മീനാക്ഷി ലേഖി എംപി വിതരണം ചെയ്തു.
ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ കെ. രഞ്ചിത്ത്, എ. ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി. രത്നാകരന് എന്നിവര്‍ സംബന്ധിച്ചു. ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് ആര്.കെ. ഗിരിധരന് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: