മരങ്ങള്‍ സംരക്ഷിക്കാന്‍ ഇരിട്ടി നഗരസഭയും പോലീസും

Thursday 9 June 2016 1:03 am IST

ഇരിട്ടി: നഗരത്തില്‍ പരസ്യ പ്രചാരകരുടെ ക്രൂരതയില്‍ ആണി അടിച്ചുകയറ്റിയും ഇരുമ്പു കമ്പി വരിഞ്ഞു മുറുക്കി കെട്ടിയും തണല്‍ മരങ്ങളെ നശിപ്പിക്കുന്നതിനെതിരെ ഇരിട്ടി നഗരസഭയും പോലീസും കര്‍ശനനടപടികള്‍ സ്വീകരിക്കുന്നു. മരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും ബാനറുകളും അഞ്ചു ദിവസത്തിനുള്ളില്‍ അതത് സ്ഥാപനങ്ങള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശനും നിര്‍ദ്ദേശിച്ചു. ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാന്‍ മരങ്ങളില്‍ കെട്ടിയിട്ടുള്ള നൂല്‍കമ്പിയും കയറും ആണിയും ഉള്‍പ്പെടെ നീക്കംചെയ്യണം. അഞ്ചു ദിവസത്തിനുള്ളില്‍ മാറ്റാത്ത മുഴുവന്‍ പരസ്യ ബോര്‍ഡുകളും നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നീക്കം ചെയ്യും. തണലും പ്രാണവായുവും നല്‍കുന്ന വന്‍ മരങ്ങള്‍ ഉള്‍പ്പെടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരുടെ അതിക്രമങ്ങള്‍ സംബന്ധിച്ച് സംബന്ധിച്ച് വന്ന പത്ര, ദൃശ്യ മാധ്യമ വാര്‍ത്തകളും ഗ്രീന്‍ലീഫ് നല്‍കിയ പരാതിയും പരിഗണിച്ചാണ് നഗരസഭയും പോലീസും നടപടികള്‍ കര്‍ക്കശമാക്കിയിട്ടുള്ളത്. പത്ത് വര്‍ഷം മുന്‍പ് പഞ്ചായത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പൊതുനിരത്തില്‍ നട്ടുപിടിപ്പിച്ചതും ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നട്ടുപിടിപ്പിച്ചതുമായ ഇരുന്നൂറോളം തണല്‍ മരങ്ങളാണ് നഗരത്തിന് ഹരിതമുഖവും മനോഹാരിതയും ഏകി നിലനില്‍ക്കുന്നത്. ഇവയാണ് കോടതി വിധികളും സര്‍ക്കാര്‍ നിയമങ്ങളും അവഗണിച്ച് പരസ്യം സ്ഥാപിക്കുന്നവര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, സെക്രട്ടറി, ഡിവൈഎസ്പി കെ. സുദര്‍ശന്‍, സിഐ വി. ഉണ്ണികൃഷ്ണന്‍, എസ്‌ഐ കെ.സുധീര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചു. സെക്രട്ടറി ബിനു കുളമക്കാട്ട്, ട്രഷറര്‍ എന്‍.ജെ.ജോഷി, നിര്‍വാഹകസമിതി അംഗം പി.പി.രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘമാണ് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.