സിപിഎം ജനാധിപത്യത്തിന്റെ അന്തഃസത്ത അംഗീകരിക്കാന്‍ തയ്യാറാവണം: വത്സന്‍ തില്ലങ്കേരി

Thursday 9 June 2016 1:08 am IST

പിണറായി: സിപിഎം ജനാധിപത്യത്തിന്റെ അന്തഃസത്ത അംഗീകരിക്കാന്‍ തയ്യാറാവണമെന്നും ആശയത്തെ ആശയംകൊണ്ട് നേരിടാതെ ആയുധംകൊണ്ട് നേരിടുകയല്ല വേണ്ടതെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. പിണറായിയില്‍ സിപിഎം അക്രമത്തിനെതിരായ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയെകുറിച്ച് വലിയവായില്‍ വലിയ പ്രചരണം നടത്തുന്ന സിപിഎം കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ എന്താണ് നടത്തുന്നതെന്ന് പുറംലോകം അറിയേണ്ടതുണ്ട്. ജനാധിപത്യ രാജ്യത്ത് വിയോജിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ വിയോജിക്കുന്നവരെ ഉന്മൂലനം ചെയ്ത് പ്രസ്ഥാനം വളര്‍ത്താമെന്ന ചിന്ത വ്യാമോഹം മാത്രമാണ്. ആര്‍എസ്എസിനെ ആശയപരമായി നേരിടാന്‍ സിപിഎമ്മിന് ചങ്കൂറ്റമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റ് ലഭിക്കുകയും അധികാരത്തിലെത്തുകയും വിജയം കൊട്ടിഘോഷിക്കുകയും ചെയ്യുന്ന സിപിഎമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ശതമാനത്തേക്കാളും രണ്ടരശതമാനം കുറവാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബിജെപി കേരള നിയമസഭയില്‍ താമര വിരിയിച്ചതെന്ന വസ്തുതതയും സിപിഎം നേതാക്കള്‍ തിരിച്ചറിയണം. പിണറായിലുള്‍പ്പെടെ ജില്ലയിലുണ്ടായ പല അക്രമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സംസ്ഥാന ഭരണകൂടവും പോലീസിലെ ഒരുവിഭാഗവും ശ്രമിക്കുന്നുണ്ട്. പിണറായിയില്‍ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മുകാരുടെതന്നെ വാഹനം കയറി സിപിഎം അനുഭാവി കൊല്ലപ്പെട്ട സംഭവത്തില്‍ നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി കുടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ബര്‍ഷാപ്പിലെ മാലിന്യം കിണറിലിട്ട് കുടിവെള്ളം മുട്ടിച്ചു. കുടിവെള്ളത്തിന് വേണ്ടി നാട്ടുകാര്‍ അലയുമ്പോഴാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎമ്മുകാര്‍ അഴിഞ്ഞാടിയത്. ജനാധിപത്യപരമായി പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും സിപിഎം രാഷ്ട്രീയ ജന്മിത്തം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനത്തിനതിരെ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.