പിണറായിലെ സിപിഎം അക്രമം : ബിജെപി പ്രതിഷേധ കൂട്ടായ്മ താക്കീതായി

Thursday 9 June 2016 1:10 am IST

പിണറായി(കണ്ണൂര്‍): നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ സിപിഎം മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ഉള്‍പ്പെടെ ജില്ലയിലാകമാനം നടത്തി കൊണ്ടിരിക്കുന്ന കിരാതമായ അക്രമത്തിനെതിരെ ബിജെപി ഇന്നലെ പിണറായിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഎം നേതൃത്വത്തിനും സംസ്ഥാന ഭരണ കൂടത്തിനുമുളള താക്കീതായി. സിപിഎമ്മിന്റെ ശക്തമായ ഭീഷണിക്കിടയിലും നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധ കൂട്ടായ്മയില്‍ അണിനിരന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് മുന്നില്‍ സംഘപ്രസ്ഥാനങ്ങളെ തകര്‍ക്കാനാകില്ലെന്ന് തെളിയിക്കുന്നതായി കൂട്ടായ്മയിലെ ജനപങ്കാളിത്തം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ ഉച്ചയോടെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള സംഘ പ്രവര്‍ത്തകര്‍ പിണറായിയിലെ പരിപാടി സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കാനെത്തിച്ചേര്‍ന്നിരുന്നു. കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ മീനാക്ഷിലേഖി എംപി വേദിയിലെത്തിയയുടന്‍ ജില്ലയില്‍ സിപിഎം അക്രമങ്ങളില്‍ കൊല്ലപ്പെട്ട ബലിദാനികള്‍ക്ക് വേണ്ടി 2 മിനുട്ട് മൗനം ആചരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ അവര്‍ തുറന്നു കാണിച്ചു. പ്രസംഗത്തിലുടനീളം സിപിഎമ്മിനെ അതിനിശിതമായി വിമര്‍ശിച്ച എംപിയുടെ വാക്കുകള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നതായി. സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് എംപി ധനസഹായങ്ങള്‍ വിതരണം ചെയ്തു. സഹായങ്ങള്‍ ഏറ്റുവാങ്ങാനായി വേദിയിലെത്തിയ അമ്മമാരുള്‍പ്പെടെ പലരും ഗദ്ഗദകണ്ഠരായി നിറഞ്ഞ കണ്ണുകളോടെ എംപിയോട് സിപിഎമ്മുകാരില്‍നിന്നും തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വിവരിച്ചു. പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് സ്വന്തം നാട്ടിലെ അവസ്ഥ കാണാത്ത മുഖ്യമന്ത്രിയുടെ ചെവി കേള്‍പ്പിക്കാന്‍ ജയ് ബോലോ ഭാരത് മാതാക്കീ എന്ന് ഉറക്കെ വിളിക്കാന്‍ അണികളോട് എംപി ആഹ്വാനം ചെയ്യുകയും പ്രവര്‍ത്തകര്‍ വര്‍ദ്ധിത വീര്യത്തോടെ ഏറ്റുവിളിക്കുകയും ചെയ്തു. സിപിഎം അക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി ചെന്നൈയിലെ സ്വയംസേവകര്‍ സ്വരൂപിച്ച തുക ദേവകുമാര്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് ചടങ്ങില്‍വെച്ച് കൈമാറി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, കെ.രഞ്ചിത്ത്, എ.ദാമോദരന്‍, എ.പി.ഗംഗാധരന്‍, കെ.കെ.വിനോദ്കുമാര്‍, വി.രത്‌നാകരന്‍, പി.പി.സുരേഷ് ബാബു, വി.ശശിധരന്‍, കെ.പ്രമോദ്, ഒ.രാഗേഷ് തുടങ്ങിയ നേതാക്കള്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ സ്വന്തം അയല്‍ക്കാരനെ പോലും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. ഭരണാധികാരികളില്‍നിന്നും ലഭിക്കേണ്ട നീതി ഇവിടെ അന്യംനില്‍ക്കുകയാണ്. പതിനേഴ് വര്‍ഷമായി സിപിഎം ഭീഷണി കാരണം ഒരാള്‍ക്ക് സ്വന്തം വീട്ടില്‍നിന്നും മാറിനില്‍ക്കേണ്ടിവരുന്നു എന്നത് ലജ്ജാകരവും സമൂഹത്തിന് ആകെ അപമാനകരവുമാണ്. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ഇന്നത്തെ അവസ്ഥയെന്താണെന്ന് ജനങ്ങള്‍ ചിന്തിക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എവിടെയെത്തിയെന്നും ദേശീയപ്രസ്ഥാനങ്ങള്‍ എവിടെയെത്തിയെന്നും ജനം പരിശോധിക്കണമെന്നും ആദര്‍ശത്തിന് പകരം ആയുധമെടുക്കുന്ന സിപിഎം പ്രത്യയശാസ്ത്രപരമായ പരസ്യ സംവാദത്തിന് തയ്യാറാകാതെ അണികളെ അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.