ഹിന്ദുത്വത്തില്‍ അടിയുറച്ച്‌ പ്രവര്‍ത്തിക്കണം: സര്‍സംഘചാലക്‌

Monday 13 February 2012 10:07 am IST

നാഗര്‍കോവില്‍ : ഭാരതത്തിന്റെ തനിമയായ ഹിന്ദുത്വത്തില്‍ അടിയുറച്ച്‌ പ്രവര്‍ത്തിക്കുവാന്‍ സാധിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ജി.ഭാഗവത്‌ അഭിപ്രായപ്പെട്ടു. അന്യരെ അനുകരിക്കാതെ വേണം ഹിന്ദുത്വത്തില്‍ നാം അടിയുറച്ച്‌ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാഗര്‍കോവിലിലെ കോവില്‍ക്കിണറില്‍ നടന്ന ആര്‍എസ്‌എസ്‌ ദക്ഷിണ തമിഴ്‌നാട്‌ പ്രാന്തസാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സ്വാമിവിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികത്തിന്റെ സ്വാഗതമരുളുന്ന പരിപാടിയിലാണ്‌ നാം ഒത്തുചേര്‍ന്നിരിക്കുന്നത്‌. ലോക നന്മയ്ക്ക്‌ വേണ്ടി വിവേകാനന്ദസ്വാമികളെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതത്തെ പ്രചരിപ്പിക്കുവാന്‍ നമുക്ക്‌ സാധിക്കണം. ഭാരതത്തിന്റെ ദര്‍ശനം സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ്‌. അതിനായി വ്യക്തിത്വവും ദേശസ്നേഹവും നിസ്വാര്‍ഥതയുമുള്ള സമൂഹം ഉയര്‍ന്നുവരണമെന്ന സ്വപ്നമാണ്‌ വിവേകാനന്ദസ്വാമികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഈ സ്വപ്നത്തെ സാക്ഷാത്കരിക്കുകയാണ്‌ ആര്‍എസ്‌എസ്‌ സ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാര്‍ ചെയ്തത്‌," മോഹന്‍ ഭാഗവത്‌ പറഞ്ഞു.
ചെന്നൈ ഹൈക്കോടതി റിട്ട. ജഡ്ജി രാമലിംഗം സാംഘിക്കില്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വവും അച്ചടക്കവും ദേശബോധവുമുള്ള യുവാക്കളാണ്‌ ഭാരതത്തെ മുന്നോട്ടു നയിക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനായി യുവാക്കളെ വാര്‍ത്തെടുക്കാന്‍ ആര്‍എസ്‌എസിന്‌ സാധിക്കുമെന്നാണ്‌ താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കെ.സി.കണ്ണന്‍, ക്ഷേത്രീയ സംഘചാലക്‌ ഡോ.വന്ന്യരാജന്‍, ക്ഷേത്രീയ പ്രചാരക്‌ എസ്‌.സേതുമാധവന്‍, സഹപ്രചാരക്‌ സ്ഥാണുമാലയന്‍, പ്രാന്തസംഘചാലക്‌ മാരിമുത്തു, സ്വാഗതസംഘം അധ്യക്ഷന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.