കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു

Friday 10 June 2016 9:43 am IST

കുട്ടനാട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കുട്ടനാട്ടിലെ ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നു. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. കൈനകരി പഞ്ചായത്തിലെ ഐലന്റ്, ഉമ്പിക്കാരം, ഭജനമഠം, പുനാതുരം, മുട്ടാര്‍, നെടുമുടി തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് നേരിയതോതില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്. പുളിങ്കുന്ന്, കാവാലം കുന്നുമ്മ വില്ലേജുകളിലെ രണ്ടുവീടുകള്‍ക്കു ഭാഗികമായി നാശനഷ്ടമുണ്ടായി. പുളിങ്കുന്ന് കൃഷിഭവനില്‍ വരുന്ന മണപ്പള്ളി പാടശേഖരത്തെ പൊതുമട തുറക്കാത്തതിനെ തുടര്‍ന്ന് മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് പാടശേഖരത്തിനു നടുവിലെ തുരുത്തുകളിലെ 50ഓളം വീടുകളില്‍ വെള്ളം കയറിട്ടുണ്ട്. ചതുര്‍ഥ്യാകരി അയ്യനാട് പാടശേഖരത്തെ പൊതുമട തുറക്കാത്തതിനാല്‍ ചതുര്‍ഥ്യാകരി വികാസ് മാര്‍ഗ് റോഡിലും സമീപത്തെ വീടുകളിലും വെള്ളം കയറി. നെടുമുടി, കൈനകരി പഞ്ചായ ത്തുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പാടശേഖരങ്ങളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുകയാണ്. പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞാല്‍ കൈനകരിയിലെ ഉള്‍പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാകും.ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാടത്തെ വെള്ളം വറ്റിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുകയും കുട്ടനാട്ടില്‍ ശക്തമായി മഴ തുടരുകയും ചെയ്താല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. മങ്കൊമ്പ്-ചമ്പക്കുളം റോഡ് വെള്ളത്തി നടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. ചമ്പക്കുളം മങ്കൊമ്പ് റോഡിലെ മാമ്മൂട് പാലം മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള 200 മീറ്ററോളം വരുന്ന പ്രദേശത്താണ് കഴിഞ്ഞ നാലുദിവസങ്ങളായി വെള്ളം കറിയിരിക്കുന്നത്. റോഡില്‍ വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനയാത്രക്കാരും, കാല്‍നട യാത്രികരുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.