യു. പി. രാജഗോപാലന്‍ അന്തരിച്ചു

Friday 10 June 2016 11:16 am IST

പാലക്കാട്: ആര്‍എസ്എസ് മുന്‍ പ്രചാരകനും മുതിര്‍ന്ന സ്വയംസേവകനും വ്യാസ വിദ്യാപീഠം ചെയര്‍മാനുമായ മൂത്താന്തറ ഉപ്പത്ത് വീട്ടില്‍ യു.പി. രാജഗോപാല്‍ എന്ന ചെക്കപ്പേട്ടന്‍(74)അന്തരിച്ചു. ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ഇന്നലെ രാവിലെ 11.30 ന് ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. ആര്‍എസ്എസ് വിശ്വവിഭാഗിന്റെ ബൈഠക്കിന് ആലുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. മൂത്താന്തറയിലെ പ്രശസ്തമായ തറവാടായ ഉപ്പത്ത് വീട്ടില്‍ യു. പൊന്നപ്പമൂത്താന്റെ മൂന്നാമത്തെ പുത്രനായിരുന്നു. സഹോദരങ്ങളായ യു.പി.സുബ്രമണ്യനും, യു.പി.രാമകൃഷ്ണനും പാരമ്പര്യ കച്ചവടത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ചെക്കപ്പേട്ടന്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. ചെറിയൊരു ഇടവേളയില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ജോലിക്ക് ശേഷം രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ പ്രചാരകനായി. അദ്ദേഹം നിരവധി സ്ഥലങ്ങളില്‍ താലൂക്ക് പ്രചാരകനായും ജില്ലാ പ്രചാരകനായും വിഭാഗ് പ്രചാരകനായും പ്രവര്‍ത്തിച്ചു. ഇടക്ക് മുംബൈയിലും ദുബായിലുമായി ജോലിനോക്കുകയും അവിടെ ജോലിയോടൊപ്പം സംഘപ്രവര്‍ത്തനവും ചെയ്ത് കര്‍മ്മനിരതനായി തീരുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘവുമായി ബന്ധപ്പെടുവാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു ചെക്കപ്പേട്ടന്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ മൂത്താന്തറയില്‍ നടക്കുന്ന ശാഖയില്‍ പതിവായി പങ്കെടുക്കുകയും സംഘ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. നൂറണി ഹൈസ്‌ക്കൂളിലും പാലക്കാട് വിക്ടോറിയ കോളേജിലുമായി വിദ്യാഭ്യാസം (ബിഎസ്‌സി ഫിസിക്‌സ്) പൂര്‍ത്തിയാക്കിയ ചെക്കപ്പേട്ടന്‍ തന്റെ വഴി സംഘവഴിയാണെന്ന് നേരത്തെ തന്നെ തീരുമാനിക്കുകയും ബിഎസ്‌സി ബിരുദം കൊണ്ട് അന്ന് നേടിയെടുക്കുവാന്‍ കഴിയുമായിരുന്ന മാന്യമായ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് സംഘപഥത്തിലെ തീര്‍ത്ഥാടകനായി. മൂത്താന്തറ കര്‍ണ്ണകയമ്മന്‍ എഡ്യുക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, വ്യാസവിദ്യാപീഠം മാനേജര്‍ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നു. ഉച്ചയോടെ റോഡ് മാര്‍ഗ്ഗം പാലക്കാട്ടെത്തിച്ച ഭൗതികശരീരം കല്ലേക്കാട് വ്യാസവിദ്യാപീഠം, കെഎച്ച്എസ്എസ് മൂത്താന്തറ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൂത്താന്തറ സമുദായ ശ്മാശാനത്തില്‍ സംസ്‌ക്കരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഭാര്‍ഗവി, ജാനകി,യു.പി. സുബ്രഹ്മണ്യന്‍, യു.പി. രാമകൃഷ്ണന്‍, യു.പി. കൃഷ്ണന്‍. ശാന്തനും സൗമ്യനുമായ ചെക്കപ്പേട്ടന്‍... പാലക്കാട്: ശാന്തനും സൗമ്യനുമായ വ്യക്തിയാണ് ചെക്കപ്പേട്ടന്‍ എന്ന യു.പി.രാജഗോപാലെന്ന് ആര്‍എസ്എസ് പ്രാന്തീയസഹസമ്പര്‍ക്ക പ്രമുഖ് വി.കെ.സോമസുന്ദരന്‍ പറഞ്ഞു. ചെക്കപ്പേട്ടന്റെ നിര്യാണം വന്‍ നഷ്ടമാണ്. താന്‍ പ്രചാരകനായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം വിഭാഗ് പ്രചാരകനായിരുന്നുവെന്നും അടിയന്തരാവസ്ഥകാലഘട്ടത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വി.കെ.സോമസുന്ദരന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ബന്ധമായിരുന്നു തങ്ങളുടേത്. സംഘത്തെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും പ്രവര്‍ത്തകര്‍ക്ക് സൗമ്യമായ രീതിയില്‍ പറഞ്ഞുധരിപ്പിക്കുവാന്‍ അദ്ദേഹം ക്ഷമ കാണിച്ചിരുന്നു. പ്രചാരകജീവിതത്തിനുശേഷം വിദേശത്തുപോയ അദ്ദേഹം പ്രവാസി കാര്യകര്‍ത്താക്കളെ സംഘടിപ്പിച്ച് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. വിദേശത്തുപോയി വന്ന സ്വയംസേവകര്‍ക്ക് ആദ്യം പറയാനുണ്ടാവുക ചെക്കപ്പേട്ടനെക്കുറിച്ചായിരുന്നു. അത്രയും നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. പ്രവാസജീവിതത്തിനു ശേഷം കുറച്ചുവര്‍ഷം മുമ്പ് നാട്ടിലെത്തിയ ശേഷം വ്യാസവിദ്യാപീഠത്തിന്റെ അധ്യക്ഷ(ചെയര്‍മാന്‍) സ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യപ്രശനങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്‌കൂളിന്റെ ഓരോ പ്രവര്‍ത്തനങ്ങളും കൃത്യമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഓരാഴ്ച മുമ്പ് നടന്ന ജനറല്‍ബോഡിയോഗത്തില്‍ ഒരുമിച്ചുണ്ടായിരുന്നു. ചെക്കപ്പേട്ടന്റെ സേവന പ്രവര്‍ത്തനം എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും പെട്ടന്നുള്ള വിയോഗം സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ക്ക് തീരനഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണുകള്‍ ദാനം ചെയ്തു പാലക്കാട്: തന്റെ മരണശേഷവും മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഉപകാരപ്രദമാവണമെന്ന് കരുതിയ വ്യക്തിത്വത്തിന് ഉടമയായ ചെക്കപ്പേട്ടന്റെ കണ്ണുകള്‍ ദാനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന്. എറണാകുളത്തുനിന്നും എത്തിച്ച മൃതശരീരം അദ്ദേഹം ചെയര്‍മാനായ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് പാലക്കാട്ടെ അഹല്യകണ്ണാശുപത്രിക്ക് കണ്ണുകള്‍ ദാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.