മെഡിക്കല്‍ കോളേജ് -ഗാന്ധിനഗര്‍ റോഡില്‍ കെണിയൊരുക്കി ബിഎസ്എന്‍എല്‍

Thursday 9 June 2016 9:33 pm IST

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ഗാന്ധിനഗര്‍-റോഡില്‍ റോഡരികില്‍ നിര്‍മ്മിച്ച കുഴി അപകടഭീതി ഉയര്‍ത്തുന്നു. ബിഎസ്എന്‍എല്‍ കേബിളിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി ഒരുമാസം മുമ്പാണ് തിരക്കേറിയ റോഡരികെ വന്‍കുഴി നിര്‍മ്മിച്ചത്. നിരവധി ആംബുലന്‍സുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ചീറിപായുന്ന റോഡാണിത്. മെഡിക്കല്‍ കോളേജിന്റെ പ്രവേശനകവാടമായ ഗാന്ധിനഗറിലെ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടകെണി ഒരുക്കിയിരിക്കുന്നത്. റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന കുഴിയില്‍നിന്നം നീക്കംചെയ്ത മണ്ണ് റോഡിലേക്ക് തന്നെയാണ് ഇറക്കിയിട്ടിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവറന്മാര്‍ക്ക് ഈ കുഴി പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കൂടാതെ വാഹനങ്ങള്‍ സൈഡുകൊടുക്കുമ്പോഴും അപകടം സംഭവിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. രാത്രിയാത്രയിലാണ് അപകടസാധ്യത വര്‍ദ്ധിക്കുന്നത്. അപകട സൂചന നല്‍കുന്നതോ ജോലി നടക്കുന്നു എന്നതിനോ ബോര്‍ഡുകളോ അടയാളങ്ങളോ ഇവിടെ അധികൃതര്‍ നല്‍കിയിട്ടില്ല. റോഡരികിലെ കുഴി ഉണ്ടാക്കുന്ന അപകടാവസ്ഥയെപ്പറ്റി ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് നിഷേധാത്മക നിലപാടാണ് ഉള്ളത്. ഗാന്ധിനഗര്‍ സബ്ബ്ഡിവിഷന്‍ എന്‍ജിനീയര്‍ ശ്യാമളകുമാരി മുമ്പാകെ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇതുവരെ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്ന നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് രാത്രിയും പകലും ആംബുലന്‍സുകള്‍ എത്തുമെന്നിരിക്കേ ബിഎസ്എന്‍എല്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗത അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ അത് വന്‍ദുരന്തത്തിന് കാരണമാകും എന്ന സാധ്യത നിലനില്‍ക്കുകയാണ്. അപകടം ഉണ്ടാവാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അധികൃതര്‍തന്നെ നിസംഗത പാലിക്കുകയാണ്. അധികൃതരുടെ അനാസ്ഥ അവസാനി#്പപിച്ച് അപകടത്തിന് കളമൊരുക്കുന്ന കുഴി എത്രയും വേഗം മൂടാന്‍ നടപടിയുണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.