സുധീരനെ മാറ്റണം: എ ഗ്രൂപ്പ്

Thursday 9 June 2016 11:05 pm IST

ന്യൂദല്‍ഹി: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ മാറ്റണമെന്ന് എ ഗ്രൂപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. എ ഗ്രൂപ്പ് പ്രതിനിധിയായെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യം പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ആവശ്യപ്പെട്ടു. കേരളത്തിലെ എ ഗ്രൂപ്പിന്റെ മുഴുവന്‍ തീരുമാനമാണിതെന്നും സുധീരന് കീഴില്‍ പ്രവര്‍ത്തിക്കുകയെന്നത് അസാധ്യമായെന്നും തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടി നേതൃത്വത്തിലെത്തിക്കാനുള്ള നീക്കങ്ങളാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു. സുധീരനെതിരേ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുണ്ടായെന്നും രാജിയാവശ്യം ഉയര്‍ന്നുവെന്നും എം.എം. ഹസന്റെ ശരിവെക്കലും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. കെപിസിസി പ്രസിഡന്റിനെതിരായ എ, ഐ ഗ്രൂപ്പുകള്‍ നിലപാട് ശക്തമാക്കിയ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം സ്വീകരിക്കാത്ത ഉമ്മന്‍ചാണ്ടിയടക്കം എല്ലാവരും ദല്‍ഹിയിലെത്താനാണ് സോണിയാഗാന്ധിയുടെ നിര്‍ദ്ദേശം. ജൂണ്‍ 11ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ തുടങ്ങിയവര്‍ ദല്‍ഹിയില്‍ സോണിയയും രാഹുലുമായി ചര്‍ച്ച നടത്തും. ഗ്രൂപ്പുകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തി കെപിസിസി അധ്യക്ഷ പദവിയിലെത്തിയ വി.എം. സുധീരന്‍ ഒടുവില്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. സുധീരന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ വലിയ തലവേദനയുണ്ടാക്കി. സുധീരനെതിരെ നടപടിയുണ്ടാകാതെ നിലവിലെ പാര്‍ട്ടി സംവിധാനങ്ങളുമായി സഹകരിക്കാനാവില്ല, എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സുധീരനെതിരെ നടപടിയുണ്ടാവാതെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ തീരുമാനവും തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ ശൂന്യതയാണുള്ളതെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. സുധീരനെതിരായ ഐ ഗ്രൂപ്പിന്റെ നിലപാട് അറിയിക്കാന്‍ കെ. സുധാകരനും ഹൈക്കമാന്‍ഡിനെ കാണാന്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ നേതാക്കള്‍ ദല്‍ഹിയിലേക്കെത്തുന്നത് തടഞ്ഞുകൊണ്ട് പ്രധാന മൂന്നു നേതാക്കളെയും ദല്‍ഹിക്ക് വിളിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. അതിനിടെ തലമുറ മാറ്റമെന്ന ആവശ്യമുയര്‍ത്തി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത് മൂന്നു പ്രധാന നേതാക്കള്‍ക്കും തലവേദനയായിട്ടുണ്ട്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവര്‍ മുന്നിലേക്കെത്താന്‍ ശ്രമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ താരതമ്യേന ദുര്‍ബ്ബലമായ ഹൈക്കമാന്‍ഡിന് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാവാത്ത സ്ഥിതിയുമുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.