അക്രമങ്ങളെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: എം.ടി. രമേശ്

Thursday 9 June 2016 11:26 pm IST

തിരുവനന്തപുരം: സ്വന്തം ഗ്രാമത്തില്‍ നടന്ന അക്രമം മറച്ചുവയ്ക്കാനും ന്യായീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സിപിഎം ക്രിമിനലുകള്‍ക്കുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം പ്രതിഷേധാര്‍ഹവും പദവിക്ക് ചേരാത്തതുമാണ്. പിണറായി വിജയന്‍ സിപിഎമ്മുകാരുടെ മാത്രം മുഖ്യമന്ത്രിയായി അധഃപ്പതിച്ചിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നീതി ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. പിണറായി ഗ്രാമത്തില്‍ നടന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചതിലൂടെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുക്കളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും അവരുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്നതോടെ ബന്ധുക്കള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മിന്റെ യഥാര്‍ത്ഥമുഖം ദേശീയതലത്തില്‍ തുറന്നുകാട്ടാന്‍ ബിജെപി മുന്‍കയ്യെടുക്കും. സിപിഎം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജൂണ്‍ 16ന് തിരുവനന്തപുരത്ത് ജനകീയ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന ജനകീയ സദസ്സില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലത്ത് ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നെന്ന പ്രചാരണം പച്ചക്കള്ളമാണ്. ധര്‍മടത്ത് ഇടതുപ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബോംബ് സ്‌ഫോടനം ഉണ്ടായത് സിപിഎം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നാണെന്ന് തെളിഞ്ഞതാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ പ്രവര്‍ത്തകന്‍ അവരുടെ വാഹനം തന്നെ ഇടിച്ചാണ് മരിച്ചത്. ഇത് എല്ലാവര്‍ക്കും ബോധ്യമായിട്ടും മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നത് സ്വന്തക്കാരെ രക്ഷിക്കാനാണ്. സിപിഎം അധികാരത്തില്‍ എത്തിയശേഷം സംസ്ഥാന വ്യാപകമായി പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. അക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചതിനെപ്പറ്റി അദ്ദേഹം നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ തിമിരം ബാധിച്ച സിപിഎം കൊച്ചുകുട്ടികളെപ്പോലും അക്രമിക്കുന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ഈ കേസില്‍ പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇതേപ്പറ്റി മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനാണെന്നും എം.ടി. രമേശ് ചോദിച്ചു. ധര്‍മടം കമ്മ്യൂണിസ്റ്റ് കോട്ടയാണെന്ന് വീമ്പിളക്കുന്ന പിണറായിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കള്ളവോട്ടിനെ ആശ്രയിക്കേണ്ടിവന്നത് നാണക്കേടാണ്. അധികാരമേറ്റെടുത്ത് കുറഞ്ഞ നാളുകള്‍ക്കുളളില്‍തന്നെ ഈ സര്‍ക്കാരില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വനിതാ അത്‌ലറ്റിനെ ഭീഷണിപ്പെടുത്തിയത് പിണറായി മന്ത്രിസഭയിലെ പ്രമുഖനായ ഇ.പി. ജയരാജനാണ്. താന്‍ കായികമന്ത്രിയാണെന്നും കയ്യാങ്കളി മന്ത്രിയല്ലെന്നും ജയരാജന്‍ മനസ്സിലാക്കണം. തൃശൂരില്‍ സിഐയെ പരസ്യമായി ശാസിച്ചയാളും പിണറായി മന്ത്രിസഭയിലുണ്ട്. മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി ഇടപെടണം. പദവിക്ക് ചേരാത്ത കള്ളപ്രചാരണത്തില്‍ നിന്ന് മുഖ്യമന്ത്രിയെങ്കിലും മാറിനില്‍ക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.