മലാപ്പറമ്പ് സ്‌കൂളിന് പിന്നാലെ പാലാട്ട് സ്‌കൂളും പൂട്ടി

Thursday 9 June 2016 11:31 pm IST

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂളിന് പിന്നാലെ കോഴിക്കോട്ട് മറ്റൊരു സ്‌കൂളും അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്‌കൂളാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പൂട്ടിയത്. പാലാട്ട് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കുകയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി 17 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഉള്ളത്. താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ഇവിടുത്തെ കുട്ടികളെ തിരുവണ്ണൂര്‍ ഗവ. യുപി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. എസ്എസ്എയുടെ റിസോഴ്‌സ് സെന്ററില്‍ രണ്ടു ക്ലാസ്മുറികള്‍ ഇവര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളെ മാറ്റിയതോടെ എഇഒ കെ.എസ്. കുസുമം എത്തി സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനാല്‍ കുട്ടികളുടെ അദ്ധ്യയനം താമസിയാതെ ഇവിടെ തന്നെ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്‌കൂള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ എഇഒയേയും സംഘത്തെയും മുന്‍പ് നാട്ടുകാര്‍ തടഞ്ഞിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ കോടതി നടപടികളുമായി സഹകരിക്കുകയായിരുന്നു സമരക്കാര്‍. ഡോ.എം.കെ. മുനീര്‍ എംഎല്‍എ, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ എന്നിവരും പിടിഎ ഭാരവാഹികളും സ്ഥലത്ത് എത്തിയിരുന്നു. അതേസമയം, മലാപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ കളക്ടറേറ്റിലെ എഞ്ചിനീയേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ പഠനം തുടങ്ങി. ഹാളില്‍ പ്ലൈവുഡ് ഉപയോഗിച്ച് മറച്ചാണ് ക്ലാസ്മുറികള്‍ ഒരുക്കിയത്. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ എന്നിവര്‍ സൗകര്യങ്ങള്‍ വിലയിരുത്തി. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റും ഇവിടെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലാപ്പറമ്പില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് വാഹനത്തില്‍ കളക്ടറേറ്റില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മുറി ഇഷ്ടമായെങ്കിലും മലാപ്പറമ്പിലേക്ക് മടങ്ങണം എന്ന ആഗ്രഹമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.