തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം; വന്‍ നാശനഷ്ടം

Friday 10 June 2016 11:49 am IST

ഹൈദരാബാദ്: പ്രശസ്തമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഈ സമയം നിരവധി ആളുകള്‍ ദര്‍ശനം കാത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും ആളപായമുണ്ടായിട്ടില്ല. ക്ഷേത്രത്തിലേക്ക് ലഡ്ഡു ഉണ്ടാക്കുന്ന പാചകശാലയിലാണ് തീ പടര്‍ന്നത്. അഗ്‌നിശമന സേയുടെ രണ്ട് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ശ്രീകോവിലിന്റെ വടക്കുഭാഗത്താണ് അടുക്കള സ്ഥിതിചെയ്യുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയവരില്‍ തീപിടിത്തം പരിഭ്രാന്തി പടര്‍ത്തി. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരമെന്ന് തിരുമല തിരുപ്പതി ദേവസ്വം അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ലഡു നിര്‍മ്മാണം താത്ക്കാലികമായി നിര്‍ത്തിവച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടുക്കള നവീകരിക്കുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാംബശിവ റാവു അറിയിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. മലയാളികളടക്കം ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ വര്‍ഷം തോറും വന്നുപോകുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് തിരുമല തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ വെങ്കടേശ്വരനാണ് ഇവിടെ പ്രതിഷ്ഠ. ലഡ്ഡുവാണ് തിരുപ്പതിയിലെ പ്രസാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.