കടല്‍ക്ഷോഭം: വീടുനഷ്ടപ്പെട്ടവര്‍ക്ക് ഒരുലക്ഷം അടിയന്തര സഹായം നല്‍കണം

Friday 10 June 2016 7:36 pm IST

ആലപ്പുഴ: ജില്ലയിലെ കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. വീടും സ്ഥലവും നഷ്ടപ്പെട്ട് കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കണം. അടിയന്തരമായി ഒരുലക്ഷം രൂപ ധനസഹായം നല്‍കണം. ഇവരെ പുനരധിവസിപ്പിക്കുന്നതുവരെ സുരക്ഷിതമായി താമസിക്കുന്നതിന് ആവശ്യമായ സംവിധാനം സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തണം. ഇതിന് അമ്പലപ്പുഴ,വളഞ്ഞവഴി പടിഞ്ഞാറുള്ള ഫിഷറീസ് വകുപ്പിനു കീഴിലെ സ്ഥലവും കെട്ടിടവും വാസയോഗ്യമാക്കി നല്‍കണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആഹാരം, വസ്ത്രം, ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ക്യാമ്പുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്തണം. ദുരിതബാധിത കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനാവശ്യമായ സഹായം നല്‍കണം. കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. നാളിതുവരെ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഉടന്‍ നല്കണം. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കളക്‌ട്രേറ്റില്‍ സംവിധാനം ഒരുക്കണമെന്നും മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. നിവേദക സംഘത്തില്‍ ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, ജില്ലാ സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസ്, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം.കെ. പ്രദീപ്, ബിജെപി മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത്, ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍പ്രമുഖ് സിംജിത്ത് എന്നിവരുണ്ടായിരുന്നു. പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ റിച്ചാഡ് ഹെ എംപി ഇന്ന് സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.