കൊട്ടിയൂരില്‍ മകം കലം വരവ് ഇന്ന്

Friday 10 June 2016 9:01 pm IST

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മകം കലം വരവ് ഇന്ന് നടക്കും. വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടമായ മകം നാള്‍ തൊട്ടുള്ള അകം ചടങ്ങുകള്‍ ഇന്ന് മുതലാണ് നടക്കുക. ഇതില്‍ പ്രധാനപ്പെട്ട ചടങ്ങാണ് കലം വരവ്. ചതുശ്ശതങ്ങളില്‍ മൂന്നാമത്തേതായ ആയില്ല്യം ചതുശ്ശതം ഇന്നലെ നടന്നു. യാഗോത്സവത്തിലെ അതി പ്രധാന ചടങ്ങുകളാണ് മകം പൂരം, ഉത്രം നാളുകളില്‍ നടക്കുന്ന കലശപൂജകള്‍. ഈ ചടങ്ങുകള്‍ക്കാവശ്യമായ മണ്‍കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാന്‍ സ്ഥാനികരാണ് ഇതിനവകാശികള്‍. മുഴക്കുന്നിനടുത്ത് നല്ലൂര്‍ ഗ്രാമത്തിലെ ചൂട്ടാലകളില്‍ നിന്നും ഇളനീരാട്ടത്തിന്റെ പിറ്റേന്നാള്‍ മുതല്‍ വ്രതാനുഷ്ഠാനത്തോടെ കലം നിര്‍മ്മാണം തുടങ്ങും.
ഇന്നലെ നല്ലൂരാന്‍ സ്ഥാനികന്‍ മുഴുവന്‍ സമുദായങ്ങളെയും കലം എഴുന്നള്ളിക്കാന്‍ ക്ഷണിച്ചു. മകം നാളായ ഇന്ന് സമുദായാംഗങ്ങളെല്ലാം വ്രതാനുഷ്ഠാനത്തോടെ ചൂട്ടാലയില്‍ എത്തിച്ചേരും. സ്ഥാനികന്റെ കയ്യില്‍ നിന്നും വെറ്റില വാങ്ങിയ 12 ആള്‍ക്കാരാണ് കലം എഴുന്നള്ളിക്കല്‍ ചടങ്ങിന് തയ്യാറാവുന്നത്. ഇതുപ്രകാരം 12 എണ്ണം വീതം 10 കെട്ടുകളാക്കിയും 18 എണ്ണം വീതം 2 കെട്ടുകളുമാക്കി വെക്കും. 156 കലങ്ങളും പനയോലയിലാണ് കെട്ടിവെക്കുക. ഊണിന് ശേഷം പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെടുക. രാത്രിയോടെ കലങ്ങള്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കും. ഈ കലങ്ങള്‍ കലശ പൂജക്കായി ദിവസേന നെല്ലൂരാന്‍ സ്ഥാനികന്‍ എടുത്തുകൊടുക്കും.
നാളെ മുതല്‍ കലശ പൂജ ചടങ്ങുകള്‍ തുടങ്ങും. 5നാണ് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ. 6 ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. ഈ വര്‍ഷം ഇതേവരെ 50 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. നടവരവിനത്തില്‍ മൂന്ന് കോടി രൂപയോളം കിട്ടിയിട്ടുണ്ട്.

????????????????????????????????????

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.