കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക്

Friday 10 June 2016 9:07 pm IST

ന്യൂദല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയവും ആഭ്യന്തര കലഹങ്ങളുംമൂലം കോണ്‍ഗ്രസ് അതിവേഗം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ്. നേതാക്കളും അണികളുമെല്ലാം ബിജെപിയിലും മറ്റ് പ്രാദേശിക പാര്‍ട്ടികളിലും അഭയം കണ്ടെത്തുകയാണ്. ഛത്തീസ്ഗഡില്‍ ശക്തനായ അജിത്‌ജോഗിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ കലാപം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പടരുകയാണ്. കോണ്‍ഗ്രസ് വിടുന്നവരില്‍ ഭൂരിഭാഗവും ബിജെപിയിലാണ് എത്തുന്നത്. ബംഗാളിലും ത്രിപുരയിലും മമതാ ബാനര്‍ജിയുടെ തൃണമൂലിലേക്കും കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ ചേക്കേറുന്നുണ്ട്. കോണ്‍ഗ്രസിന് ഇനി ഭാവിയില്ലായെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇവര്‍ മറ്റ് സാധ്യതകളാണ് തേടുന്നത്. ഇതിന്റെ കൂടുതല്‍ ഗുണം ലഭിക്കുന്നത് ബിജെപിക്കാണ്. പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായിട്ടുള്ളിടത്ത് അതിന്റെ ഗുണം അവര്‍ക്കും ലഭിക്കുന്നുണ്ട്. പരമ്പരാഗതമായി രണ്ട് രാഷ്ട്രീയ കക്ഷികള്‍ നേതൃത്വം നല്‍കുന്ന സഖ്യമാണ് രണ്ട് പതിറ്റാണ്ടായി രാഷ്ട്രീയ സ്ഥിരത നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന സഖ്യം തകര്‍ച്ചയിലായതോടെ ബിജെപി വിരുദ്ധ സഖ്യസാധ്യതകള്‍ തേടിയലയുകയാണ് മറ്റ് പ്രസ്ഥാനങ്ങള്‍. ശക്തരായ പ്രാദേശിക പാര്‍ട്ടികളായ സമാജ്‌വാദിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും പരസ്പരം പോരാടുന്നവരാണ്. ഡിഎംകെയും എഐഎഡിഎംകെയും അവരവരുടെ തെരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്നവരാണ്. അവസാനം ഇവരെയെല്ലാം ചേര്‍ത്ത് തട്ടിക്കൂട്ടിയുണ്ടാക്കുന്ന സംവിധാനത്തെയാണ് മൂന്നാം മുന്നണിയായി വിളിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ പ്രധാനമായും ഉയരുന്ന ചോദ്യം ബിജെപിക്കെതിരായ രണ്ടാം മുന്നണിയെ ആരുനയിക്കുമെന്നാണ്. ആസാമിലെ പരാജയത്തിന്‌ശേഷം കോണ്‍ഗസിന്റെ കൈയ്യിലുള്ള ഏക വലിയ സംസ്ഥാനം കര്‍ണാടകം മാത്രമാണ്. വടക്ക്-കിഴക്കന്‍ മേഖലയിലെ ചെറിയ സംസ്ഥാനങ്ങള്‍ മാത്രമാണ് പിന്നെ ഉള്ളത്. ഇവിടെയും വളരെ പെട്ടെന്ന് കോണ്‍ഗ്രസ് അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിക്കെതിരയുള്ള പ്രധാനപ്രതിപക്ഷ റോളില്‍ നിന്നും കോണ്‍ഗ്രസ് പുറത്തായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ബിജെപി വിരുദ്ധ പ്രാദേശിക പാര്‍ട്ടികള്‍ മുന്‍കൈയ്യെടുത്ത് രൂപീകരിക്കപ്പെടുന്ന സഖ്യത്തിലെ ഒരു കക്ഷിയാവാനേ കോണ്‍ഗ്രസിന് സാധിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉരുതിരിഞ്ഞാല്‍ അത് ഭാരതത്തില്‍ ഒരു പുതിയ രാഷ്ട്രീയ പരിണാമത്തിനുള്ള സാധ്യതകളിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ നയരൂപീകരണവും ഗുരുതരവും പ്രവചനാതീതവുമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.