തപസ്യ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

Saturday 11 June 2016 10:23 am IST

കോഴിക്കോട്: തപസ്യ 40-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ആഗസ്ത് 12,13,14 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സംസ്‌കൃതി, കൃഷി, വികസനം എന്ന സന്ദേശമാണ് 40-ാം വാര്‍ഷിക സമ്മേളനം മുന്നോട്ടുവെക്കുന്നതെന്ന് സ്വാഗതസംഘരൂപീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എല്ലാ തപസ്യ യൂണിറ്റുകളിലും 40-ാം വാര്‍ഷികാഘോഷപരിപാടികള്‍ നടക്കും. ഇതുകൂടാതെ ജില്ലാ കേന്ദ്രങ്ങളില്‍ വിവിധവിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള വിചാരസത്രങ്ങളും സംഘടിപ്പിക്കും. തപസ്യ സംഘടിപ്പിച്ച സാംസ്‌കാരിക തീര്‍ത്ഥ യാത്രകള്‍ മുന്നോട്ടു വെച്ച എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്‌കാരം എന്ന സന്ദേശം സാംസ്‌കാരികകേരളം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഭാവിതലമുറയ്ക്കായി ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ധര്‍മ്മവും സംസ്‌ക്കാരവും അടിസ്ഥാനമാക്കിയുള്ള വികസനമാണ് സമഗ്രവികസനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌ക്കാരിക നായകന്മാരില്‍ ദേശീയ ചിന്തകള്‍ കുറഞ്ഞുവന്ന സമയത്താണ് തപസ്യയുടെ പിറവിയെന്ന് തപസ്യ മുന്‍ സംസ്ഥാന പ്രസിഡന്റും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാധവ്ജി, പി. പരമേശ്വരന്‍, വി.എം. കൊറാത്ത്, അക്കിത്തം, എന്‍.എന്‍. കക്കാട്, കുഞ്ഞുണ്ണി മാസ്റ്റര്‍, എം.എ. കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ വിഭാഗം സാഹിത്യകാരന്‍മാരെയും തപസ്യയുമായി സഹകരിപ്പിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അളകാപുരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തപസ്യകോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ഇ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ഉള്ളൂര്‍ എം. പരമേശ്വരന്‍, തപസ്യ ജില്ലാജനറല്‍ സെക്രട്ടറി ഗോപി കൂടല്ലൂര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തപസ്യ സംസ്ഥാന ജോയിന്റ് ട്രഷറര്‍ സച്ചിദാനന്ദന്‍ സ്വാഗതവും നന്ദന്‍ കടലുണ്ടി നന്ദിയും പറഞ്ഞു. സ്വാമി ചിദാനന്ദപുരി, മഹാകവി അക്കിത്തം, എം.ടി. വാസുദേവന്‍ നായര്‍, ഡോ. എം.ജി.എസ് നാരായണന്‍, സാമൂതിരി പി.കെ.യു.രാജ, ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, എം.എ. കൃഷ്ണന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായാണ് സ്വാഗതസംഘം രൂപീകരിച്ചത്. പി. വത്സല ചെയര്‍മാനും പി. ബാലകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനും അനൂപ് കുന്നത്ത് ജനറല്‍കണ്‍വീനറും എ. ശശിധരന്‍ ട്രഷററുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.