ചരിത്രപ്രസിദ്ധമായ കണ്ണാടി പ്രതിഷ്ഠക്ക് തൊണ്ണൂറാണ്ട്

Saturday 11 June 2016 12:19 am IST

ആലപ്പുഴ: മനുഷ്യന്‍ പാപിയും കാഫിറും അല്ലെന്നും ഒരോരുത്തരിലും ദൈവീകത്വമുണ്ടെന്നുമുള്ള ഹൈന്ദവതയുടെ അടിസ്ഥാനമായ അദൈ്വതത്തെ അരക്കിട്ടുറപ്പിക്കുന്ന കളവംകോടം ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കണ്ണാടി പ്രതിഷ്ഠ നവതി വര്‍ഷത്തില്‍. 1927 ജൂണ്‍ 14ന് (1102 ഇടവം 31 ) പുലര്‍ച്ചെ നാലിനാണ് ശ്രീനാരായണ ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഒരു കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പിഴുതെറിയുന്നതായിരുന്നു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. ഇതിനു മുമ്പുതന്നെ മുരിക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്ന് രേഖപ്പെടുത്തിയ പ്രഭ പ്രതിഷ്ഠിച്ചും നാരായണ ഗുരു പരമ്പരാഗത സമ്പ്രദായങ്ങളെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം തന്നെ ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. ഇവിടെയും ശിവന്‍, ഗണപതി, ദേവി തുടങ്ങിയ വിഗ്രഹങ്ങളും ഗുരുവിനൊപ്പമുണ്ടായിരുന്ന ശിഷ്യര്‍ പ്രതിഠ്ഷിച്ചിരുന്നു. കളവംകോടം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായ തര്‍ക്കമാണ് കണ്ണാടി പ്രതിഷ്ഠയിലേക്ക് നയിച്ചത്. പ്രദേശത്തെ പ്രമുഖനായ പണിക്കവീട്ടില്‍ പത്മനാഭ പണിക്കരുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനരുദ്ധാരണം നടത്തിയ ശേഷം അര്‍ദ്ധനാരീശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി. പ്രതിഷ്ഠാ കര്‍മ്മത്തിനായി ഏറെ നിര്‍ബ്ബന്ധിച്ചാണ് നാരായണ ഗുരുവിനെ എത്തിച്ചത്. സ്വാമി ബോധാനന്ദ, നീലകണ്ഠന്‍ ശാന്തി, പ്രൈവറ്റ് സെക്രട്ടറി കോമത്തു കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗുരു എത്തിയത്. എന്നാല്‍ കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ വിഗ്രഹ പ്രതിഷ്ഠയെ എതിര്‍ത്തു. ഇത് സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ കണ്ണാടി കൊണ്ടു വരാന്‍ ഗുരു നിര്‍ദ്ദേശിച്ചു. ഇതിന്‍പ്രകാരം എറണാകുളത്ത് നിന്ന് കണ്ണാടി എത്തിച്ചു. അതിന്റെ മദ്ധ്യഭാഗത്ത് രസം ചുരണ്ടി ഓം ശാന്തി എന്ന് എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ രസം ചുരണ്ടിയവരുടെ ശ്രദ്ധകുറവു മൂലം എഴുതിയത് ഒം ശാന്തി എന്നായിരുന്നു. അതുമതി അതിനും അര്‍ത്ഥമുണ്ടെന്ന് പറഞ്ഞ് ഗുരു ആ കണ്ണാടി ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. അതിനു ശേഷം സ്വാമി ബോധാനന്ദ അര്‍ദ്ധനാരീശ്വര വിഗ്രഹം കണ്ണാടിക്ക് മുന്നില്‍ കുറച്ചു മുന്നോട്ടുമാറി ഇടത്തു ഭാഗത്തായി പ്രതിഷ്ഠിച്ചു. ശ്രീകോവിലിന് മുന്നില്‍ നിന്ന് തൊഴുന്നവര്‍ക്ക് കണ്ണാടിയിലെ ലിപികള്‍ മുകളില്‍ കാണാം, കൂടാതെ അര്‍ദ്ധനാരീശ്വര വിഗ്രഹത്തെയും നേരെ കാണാന്‍ കഴിയും. മറ്റു വിഗ്രഹങ്ങളുടെ പ്രതിഷ്ഠയും ബോധാനന്ദ സ്വാമിയാണ് നിര്‍വഹിച്ചത്. പലരും പ്രചരിപ്പിക്കുന്നതുപോലെ വിഗ്രഹം കണ്ടു തൊഴാറുള്ളതിലും അടുത്ത് നിന്നാലും നോക്കുന്ന ആളിനെ കണ്ണാടിയില്‍ കാണില്ല, വളരെ അടുത്ത് നിന്ന് താണു നോക്കിയാല്‍ മാത്രമെ അവ്യക്തമായെങ്കിലും മുഖം കാണാന്‍ സാധിക്കുകയുള്ളു. മുരിക്കും പുഴയിലും കളവംകോടത്തും ഒഴികെയുള്ള ക്ഷേത്രങ്ങളിലെല്ലാം ദേവതകളുടെ വിഗ്രഹങ്ങളാണ് നാരായണ ഗുരു പ്രതിഷ്ഠിച്ചത്. 32 ക്ഷേത്രങ്ങളിലാണ് ഗുരു പ്രതിഷ്ഠ നിര്‍വഹിച്ചത്. അതില്‍ 20 ക്ഷേത്രങ്ങളില്‍ ശിവനെയും നാലിടത്ത് ദേവിയേയും, എട്ടിടത്ത് സുബ്രഹ്മണ്യനെയുമാണ് പ്രതിഷ്ഠിച്ചത്. കേരള നവോത്ഥാന ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള കണ്ണാടി പ്രതിഷ്ഠാ കര്‍മ്മം വിപുലമായി ആഘോഷിക്കേണ്ടതുണ്ട്. ഇതിന് ശ്രീനാരായണ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷ. എസ്എന്‍ഡിപിയുടെ നിയന്ത്രണത്തിലാണ് ഇന്ന് ക്ഷേത്ര ഭരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.