ഒളിമ്പിക്‌സ്: ഇന്ത്യന്‍ ടെന്നീസില്‍ വീണ്ടും വിവാദം

Saturday 11 June 2016 12:39 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസില്‍ വീണ്ടും വിവാദം. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സിലെ ടീം സെലക്ഷനിലുണ്ടായ വിവാദമാണ് ഇത്തവണയും ആവര്‍ത്തിക്കുന്നത്. റിയോ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടിയ രോഹന്‍ ബൊപ്പണ്ണയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഫ്രഞ്ച് ഓപ്പണിലും മിക്‌സഡ് ഡബിള്‍സ് ടെന്നീസ് കിരീടം നേടി കരിയര്‍ സ്ലാം നേടിയ ലിയാന്‍ഡര്‍ പേസിനെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ പുരുഷ ഡബിള്‍സില്‍ പങ്കാളിയായി വേണ്ടന്ന് രോഹന്‍ ബൊപ്പണ്ണ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന് (എഐടിഎ) കത്തെഴുതിയതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. പേസിനൊപ്പം കളിക്കാന്‍ താത്പര്യമില്ലെന്നും ഒളിമ്പിക്‌സില്‍ തന്റെ പങ്കാളിയായി സാകേത് മെയ്‌നേയിയെ നല്‍കണമെന്നുമാണ് ബൊപ്പണ്ണ ഓള്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന് കത്തെഴുതിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ദേശീയ സെലക്ഷന്‍ കമ്മിറ്റിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വിവരം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ അന്തിമ പട്ടിക അസോസിയേഷന്‍ ഇന്ന് പുറത്തുവിടും. പുരുഷ ഡബിള്‍സ് ലോക റാങ്കില്‍ 10-ാം സ്ഥാനത്താണ് ബൊപ്പണ്ണ. നിലവില്‍ ലോക 46-ാം റാങ്കുകാരനാണ് പെയ്‌സ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ പേസിനൊപ്പം സഹകരിക്കാന്‍ കഴിയില്ലെന്ന് ഭൂപതിയും ബൊപ്പണ്ണയും നിലപാടെടുത്തതാണ് 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.