ശിക്ഷ കഴിഞ്ഞിറങ്ങിയ കൊലക്കേസ് പ്രതി ഗൃഹനാഥന്റെ കൊലപാതകത്തിന് പിടിയില്‍

Saturday 11 June 2016 3:39 pm IST

valakam murder case prathi prasad(47), ktr

കൊട്ടാരക്കര: വാളകത്തെ ഗൃഹനാഥനെ കൊലപടുത്തിയ മുന്‍ കൊലകേസ് പ്രതി പിടിയില്‍. വാളകം നെടുവം വയലില്‍ പുത്തന്‍വീട്ടില്‍ ജോണിക്കുട്ടി (62) യെ കൊലപെടുത്തിയ കേസിലെ പ്രതി പത്തനംതിട്ട മയിലാടുപാറ പനയ്ക്കല്‍ വീട്ടില്‍ പ്രസാദ് (47) ആണ് പിടിയിലായത്.
വാളകം എംഎല്‍എ മുക്കിന് സമീപമുള്ള എന്‍എസ്എസ് കരയോഗമന്ദിരത്തിന്റെ തിണ്ണയില്‍ ഒന്നിന് രാവിലെ നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ ജോണിക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജോണിക്കുട്ടിയുടെ അടുത്ത സുഹൃത്താണ് പിടിയിലായ പ്രസാദ്. അറസ്റ്റ് വാറണ്ടുമായി എത്തിയ പത്തനംതിട്ട സ്റ്റേഷനിലെ പോലീസുകാരനെ വെട്ടിപരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ കഴിയാന്‍ വേണ്ടിയാണ് ജയിലില്‍ വച്ച് പരിചയപ്പെട്ട ജോണിക്കുട്ടിയുടെ വീട്ടില്‍ പ്രസാദ് എത്തിയത്. കഴിഞ്ഞ കുറെ ദിവസമായി വാളകത്ത് ഇവര്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഒന്നിന് മദ്യം ലഭിക്കാത്തതിനാല്‍ തലേന്ന് ഇരുവരും കൂടി ബിവറേജസില്‍ നിന്ന് മദ്യം വാങ്ങി എന്‍എസ്എസ് കരയോഗമന്ദിരത്തിന്റെ തിണ്ണയില്‍ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചശേഷം അവിടെയിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രസാദ് ജോണിക്കുട്ടിയെ തള്ളിയിട്ടു. വീഴ്ചയില്‍ തല പടിയില്‍ വന്നിടിച്ച് ജോണിക്കുട്ടി അബോധാവസ്ഥയിലായി. മരിച്ചെന്ന് കരുതി സൂക്ഷിച്ചിരുന്ന മദ്യം പൊട്ടിച്ച് ജോണിക്കുട്ടിയുടെ ദേഹത്ത് ഒഴിച്ച് ശേഷം പ്രസാദ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ ഇയാള്‍ ജോണിക്കുട്ടിയുടെ വീട്ടില്‍ പോയി ഉറങ്ങി. പോലീസെത്തിയപ്പോള്‍ മൃതദേഹം മാറ്റാനും സംസ്‌കരിക്കാനും സജീവമായി നില്‍ക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിലെ പ്രത്യേകതയും നാട്ടുകാര്‍ക്ക് ഇയാളെ പരിചയമില്ലെന്ന വിവരത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് പ്രസാദിനെ കുടുക്കിയത്. മുന്‍പ് ഒരു കൊലകേസില്‍ പ്രതിയായി ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ മോഷണകേസിലും ചാരായകേസിലും ഇയാള്‍ പ്രതിയാണ്. ജോണിക്കുട്ടിയും ചാരായകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി എ.അശോകന്‍, സിഐ ബി.എസ്.സജിമോന്‍,എസ്‌ഐ ടി.എസ്.ശിവപ്രകാശ്, സ്‌ക്വാഡ് എസ്‌ഐ ബിനോജ്, എഎസ്‌ഐമാരായ ഷാജഹാന്‍, ശിവശങ്കരപിള്ള, സിപിഒ മാരായ അജയകുമാര്‍, രാധാകൃഷ്ണപിള്ള, ആശിഷ്‌കോഹൂര്‍, അബ്ദൂള്‍സലാം, രമേശന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.