ബാരാപ്പോളില്‍ നിന്നും സൗരോര്‍ജ്ജപാനല്‍ വിന്യാസം ആരംഭിച്ചു

Saturday 11 June 2016 9:46 pm IST

ഇരിട്ടി: ബാരാപ്പോള്‍ ജലവൈദ്യുതപദ്ധതി പ്രദേശത്തു നിന്നും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അനുമതിയോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള സൌരോര്‍ജ്ജ പാനലുകളുടെ വിന്യാസം പദ്ധതിപ്രദേശത്ത് തുടങ്ങിക്കഴിഞ്ഞു. . ബാരപ്പോള്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 15 മെഗാവാട്ട് വൈദ്യുതിക്ക് പുറമേ 4 മെഗാവാട്ട് വൈദ്യുതിയാണ് സൌരോര്‍ജ്ജ പദ്ധതിയിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. ബാരാപ്പോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാല്‍ ടോപ്പില്‍ 3മെഗാവാട്ടിന്റെ പദ്ധതിയും , കനാല്‍ ബാങ്കില്‍ 1 കിലോവാട്ടിന്റെതടക്കം രണ്ടു പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. അകെ 35കോടി രൂപ വകയിരുത്തിയ പദ്ധതിയില്‍ 6.7 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഡമോണ്‍സ്‌ട്രേഷന്‍ പദ്ധതിയില്‍ നിന്നും ധനസഹായമായി ലഭിക്കും. മൂന്നു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ടോപ്പ് പദ്ധതി കെല്‍ട്രോണിന് 25.983 കോടിക്കും, ഒരു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ബാങ്ക് പദ്ധതി ഹൈദരബാദിലെ എ ഐ സി സോളാര്‍ പ്രോജക്റ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 6.75 കോടി രൂപക്കും ആണ് കരാര്‍ നല്‍കിയിരിക്കുന്നത്. പദ്ധതിക്കാവശ്യമായ പാനലുകള്‍, ജനറേറ്ററുകള്‍ തുടങ്ങിയവ മുഴുവന്‍ പദ്ധതി പ്രദേശത്തു എത്തിച്ചുകഴിഞ്ഞു. കനാലിനു മുകളിലുള്ള പാനലുകളുടെ വിന്യാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പണി പൂര്‍ത്തിയാക്കി അടുത്തമാസം തന്നെ ഇതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ബാരാപ്പോള്‍ പുഴയിലെ വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുന്ന ബാരാപ്പോള്‍ ജല വൈദ്യുത പദ്ധതിയില്‍ നിന്നും അടുത്ത ആഴ്ചയോടെ വൈദ്യുതി ഉത്പാദനം ആരംഭിക്കുകയും ചെയ്യും. ഇതിനാവശ്യമായ ജലം പുഴയില്‍ നിന്നും കനാല്‍ വഴി ഫോര്‍വബേ ടാങ്കില്‍ ഒഴുകി എത്തിത്തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.