കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: കാലം വരവ് നടന്നു ഇന്ന് മുതല്‍ മൂന്നു ദിവസം കലശപൂജ

Saturday 11 June 2016 9:50 pm IST

ഇരിട്ടി: ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അതിന്റെ അവസാന വട്ട ചടങ്ങുകളിലേക്ക് നീങ്ങുകയാണ്. മകംകലം വരവിന്റ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ഇന്നലെ ഉച്ചയോടെ അവസാനിച്ചു. ഉച്ചശീവേലിക്ക് ശേഷം ആനകളും വിശേഷ വാദ്യങ്ങളും അക്കരെ കൊട്ടിയൂരിനോട് വിടപറഞ്ഞു. ഈ മഹോത്സവ കാലത്ത് സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന അവസാന ചതുശ്ശതം ഇന്നലെ ഭഗവാനു നേദിച്ചു. ഉച്ചക്ക് ഭക്ഷണത്തിനു ശേഷമാണ് മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നും സ്ഥാനികന്‍ നല്ലൂരാന്റെ നേതൃത്വത്തിലുള്ള കലംവരവ് പുറപ്പെട്ടത്. ഇളനീരാട്ടത്തിന്റെ പിറ്റേന്ന് മുതല്‍ വ്രതം നോല്‍ക്കുന്ന സമുദായക്കാര്‍ നിര്‍മ്മിക്കുന്ന കലങ്ങളാണ് മൂന്നു ദിവസമായി അക്കരെ ക്ഷേത്രത്തില്‍ നടക്കുന്ന കലാശ പൂജക്കായി കൊണ്ട് പോകുന്നത്. ഇതിനായി വ്രതംനോറ്റ 12 പേര്‍ സ്ഥാനികനായ നല്ലൂരാന് വെറ്റിലയും അടക്കയും നല്‍കും. തുടര്‍ന്ന് പനയോലകൊണ്ട് പന്ത്രണ്ടു കലങ്ങള്‍ വീതമുള്ള പത്തു കെട്ടുകളും 18 വീതമുള്ള രണ്ടു കെട്ടുകളും അടങ്ങുന്ന കലങ്ങളുമായി പ്രത്യേക പ്രാര്‍ത്ഥനകളോടെ ഇവര്‍ അക്കരെ കൊട്ടിയൂര്‍ ലക്ഷ്യമാക്കി നടക്കും. അര്‍ദ്ധരാത്രിയോടെ ആണ് കലങ്ങള്‍ അക്കരെക്ഷേത്രത്തില്‍ എത്തിച്ചത്. ഇന്ന് മുതല്‍ ഇനി മൂന്നുദിവസം അക്കരെ ക്ഷേത്രത്തില്‍ കലശപൂജകള്‍ നടക്കും. നുച്ച്യാട് പുഴക്ക് നടപ്പാലത്തിന് തുക അനുവദിച്ചു ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് -കോടാപറമ്പ് നിവാസികളുടെ വര്‍ഷങ്ങളായ കാത്തിരിപ്പിന് വിരാമമായി. നുച്ച്യാട് പുഴക്ക് നടപ്പലാത്തിനായി രാജ്യസഭ‘എം.പി. എ.കെ.ആന്റണിയുടെ വികസന ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ അനുവദിച്ചു. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന നടപ്പാലമെന്നത്. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് നുച്ച്യാട്. എന്നാല്‍ ഇവരുടെ ഖബര്‍ സ്ഥാനം കോടാപറമ്പിലാണ്. ഖബറടക്കത്തിനായി ശവമഞ്ചല്‍ ചുമന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. മാത്രമല്ല ഉളിക്കല്‍ പഞ്ചായത്തിലെ പൊതു ശ്മശാനം സ്ഥിതിചെയ്യുന്നതും പൊയ്യൂര്‍ക്കരിയിലാണ്. പരിക്കളം, തേര്‍മ്മല പ്രദേശത്തെ ആളുകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി ഭാഗങ്ങളില്‍ എത്താനും പയ്യാവൂര്‍-ഉളിക്കല്‍ മലയോര ഹൈവേയില്‍ എത്തി ചേരാനും ഈ പാലം ഉപകരിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന കേടാപറമ്പ് മഖാം ഉറുസ്, കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അതിപുരാതനമായ പൊയ്യൂര്‍ക്കരി അര്‍ജ്ജുനന്‍ കോട്ട ശിവക്ഷേത്രത്തിലും എത്തിച്ചേരാന്‍ ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ എളുപ്പമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.