ആലപ്പുഴ: ചെരിപ്പു നന്നാക്കുന്നതിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. അമ്പലപ്പുഴ മുകില്പ്പറമ്പ് വീട്ടില്‍ നിസാറിനെയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയ്ക്ക് പടിഞ്ഞാറുഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തത്. സ്ക്കൂള്, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി കഞ്ചാവ് വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. ഇത് ചെറുപൊതികളിലാക്കി ആര്‍ക്കും സംശയം തോന്നാത്തവിധം ചെരുപ്പ് നന്നാക്കുന്നതിന്റെ മറവില്‍ കച്ചവടം നടത്തുകയായിരുന്നു. നിരവധി പൊതികള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തതായി അറസ്റ്റിന് നേതൃത്വം നല്കിയ ആലപ്പുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന്‍പിളള പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ ബി. സുനില്‍കുമാര്‍, എം. ബൈജു, എന്‍. പ്രസന്നന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. പി. സജിമോന്‍, പി. എ. അനില്‍കുമാര്‍, ഡി. ദീപു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: