കണ്ണുതുറപ്പിക്കേണ്ട ക്രൈമുകള്‍

Saturday 11 June 2016 10:02 pm IST

  സംസ്‌കാരവും സാമൂഹ്യവളര്‍ച്ചയും നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് കുറ്റകൃത്യങ്ങളുടെ ഗതിവിഗതികള്‍. കേരള സംസ്ഥാനം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ മുന്‍പന്തിയിലായിട്ട് കൊല്ലങ്ങളേറെയായി. ജനജീവിതം സുരക്ഷിതമല്ലാത്ത അപകടപ്രദേശങ്ങളുടെ കൂട്ടത്തിലാണിപ്പോള്‍ കേരളമുള്ളത്. ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പുനല്‍കുന്ന സൈ്വരജീവിതം മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. കേവലം ഒരു നിയമപ്രശ്‌നം എന്നതിനപ്പുറം ഗുരുതരമായ സാമൂഹ്യ പ്രതിസന്ധിയായി ഇവിടെ 'ക്രൈമുകള്‍' മാറുന്നു. കേരളത്തിലെ കുറ്റകൃത്യങ്ങളെ വിലയിരുത്തി പ്രശ്‌നപരിഹാരം തേടാന്‍ നാം ഇനി അമാന്തിച്ചുകൂടാ. ഈ ലേഖകന്‍ ജനിച്ചുവളര്‍ന്ന നാടാണ് ചെങ്ങന്നൂര്‍. ആ പ്രദേശത്തുനിന്നും ഈയടുത്ത ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ട രണ്ട് സംഭവങ്ങള്‍ മലയാളി ഒന്നടങ്കം ആശങ്കയോടെ നോക്കിക്കാണേണ്ട ഗുരുതര പ്രശ്‌നങ്ങള്‍ തന്നെയാണ്. അമേരിക്കന്‍ മലയാളിയായ ജോയ് ജോണിനെ വധിക്കാന്‍ മകന്‍ ഷെറിന്‍ നടത്തിയ ആസൂത്രണവും കുറ്റകൃത്യത്തിന്റെ നടപ്പാക്കലും തെളിവ് ഇല്ലാതാക്കി നിയമത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാനായി നടത്തിയ സംഘടിത ശ്രമങ്ങളുമെല്ലാം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജൂണ്‍ എട്ട് ബുധനാഴ്ച ചെങ്ങന്നൂര്‍ കൃസ്ത്യന്‍ കോളേജിന്റെ മുകളിലത്തെ നിലയില്‍നിന്നും ഇടത് കൈത്തണ്ട ബ്ലെയ്ഡുപയോഗിച്ച് മുറിച്ചശേഷം മൂന്നാം നിലയില്‍നിന്ന് താഴെയ്ക്ക് ചാടി മരിച്ച ബിരുദ വിദ്യാര്‍ത്ഥിനി ആതിരയാണ് സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ മറ്റൊരു ദുരന്തത്തിലെ കഥാനായിക. കളിയും ചിരിയും തമാശകളുമായി പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ആതിര എന്തിനു വേണ്ടിയാണ് മരിച്ചതെന്ന് ആര്‍ക്കും ഇന്നുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഷെറിന്‍ എന്ന യുവാവ് സ്വന്തം പിതാവിനോടൊപ്പം കാറില്‍ യാത്രചെയ്ത് മടങ്ങവേ പൈശാചികമായ അരുംകൊല എന്തിന് നടത്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി മനുഷ്യമനസ്സാക്ഷിയെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. പൊതുസമൂഹം ഗൗരവത്തോടെ നോക്കി വിലയിരുത്തേണ്ട ഗുരുതര പ്രശ്‌നമായി ഈ സംഭവങ്ങളെ കാണേണ്ടതുണ്ട്. ചെങ്ങന്നൂരിലെ സമ്പന്നമായ ഒരു കൃസ്ത്യന്‍ കുടുംബത്തിലെ കുബേര കുമാരനായി ജീവിതമാഘോഷിച്ച ഷെറിന്‍ നടത്തിയ പിതൃഹത്യയുടെ ആഴവും ആസൂത്രണവും നടപ്പാക്കലും കൊടുംക്രിമിനലിന്റെ രീതിയേക്കാള്‍ ചടുലമായിരുന്നു. കൊലപ്പെടുത്താന്‍ ഷെറിന്‍ ഉപയോഗിച്ച തോക്ക് അമേരിക്കന്‍ നിര്‍മ്മിതവും വിരലിന്റെ വലിപ്പം മാത്രവുമുള്ള ഒന്നായിരുന്നു. തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂരിലേക്കുള്ള ആഡംബര കാറിലെ യാത്രയില്‍ തോക്കും കത്തിയും ഉപയോഗിച്ച് പിതാവായ ജോയ് ജോണിനെ മകന്‍ വകവരുത്തുകയായിരുന്നു. മൃതശരീരം മണിക്കൂറുകളോളം കൊണ്ടുനടന്നശേഷം സ്വന്തം ഗോഡൗണില്‍ കൊണ്ടുപോയി കിടത്തി ഒരടി നീളമുള്ള മൂര്‍ച്ചയേറിയ കത്തികൊണ്ട് കീറിമുറിച്ച് പലഭാഗങ്ങളാക്കുകയായിരുന്നു. അസ്ഥികളുടെ ഏത് പോയിന്റില്‍ അറുത്താല്‍ വേര്‍പ്പെടുത്താനാകുമെന്ന് പഠിച്ചശേഷം കൊലനടത്തിയ പ്രതി അതിനുപയോഗിച്ച ആയുധവും ഇപ്പോള്‍ കണ്ടെടുത്തിരിക്കയാണ്. പിന്നീട് പെട്രോള്‍ ജാറുകളിലായി വാങ്ങികൊണ്ട് വന്ന് ശവശരീരത്തിന്റെ വെട്ടിമാറ്റിയ ഭാഗങ്ങള്‍ കത്തിക്കുകയായിരുന്നു. ഒരു കാലും കൈയ്യും പമ്പയാറ്റിന്റെ പലഭാഗങ്ങളിലായി കെട്ടിതാഴ്ത്തി ഒഴുക്കുകയും മറ്റ് ചില ഭാഗങ്ങള്‍ കോട്ടയത്തിനടുത്ത് മാലിന്യ കൂമ്പാരങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തു. ഇതിനിടയില്‍ യാതൊരവിധ പരിഭ്രമങ്ങളുമില്ലാതെ തികച്ചും അക്ഷോഭ്യനായാണ് ഷെറിനെ അന്ന് കണ്ടതെന്ന് ആളുകള്‍ പറയുന്നു. പിന്നീട് തിരുവല്ലയിലും കോട്ടയത്തും മറ്റും മികച്ച ഹോട്ടലുകളില്‍ മുറി വാടകയ്‌ക്കെടുത്ത് ആഹ്ലാദത്തോടെ ജീവിതം ആഘോഷിക്കാനും ഷെറിന് കഴിഞ്ഞിരുന്നു. ഈ സംഭവത്തെ ഒരു സാമൂഹ്യ വിപത്തായി കാണാനോ മനുഷ്യസഹജമായ വിശകലനത്തിന് വിധേയമാക്കാനോ കേരളം തയ്യാറായിട്ടില്ല. പ്രശ്‌നം പോലീസിനും കോടതിക്കുമായി വിട്ടുകൊടുത്താല്‍ മതിയോ? സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തില്‍ ഒരിക്കലും സംഭവിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ലാത്ത അപകടതലങ്ങളാണ് ജോയ് ജോണ്‍ വധം വരച്ചുകാട്ടിയിട്ടുള്ളത്. ധനധാരാളിത്തത്തിന്റെ ഉയരങ്ങളില്‍ പിറവി മുതല്‍ അഭിരമിച്ച ഒരു യുവാവിന്റെ വൈകൃതം എത്രമാത്രം അപകടത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കുമെന്ന് ഈ സംഭവം നമ്മോട് പറയുന്നു. ഒരു കാരണവുമില്ലാതെ മകന്‍ നാല് വെടിയുണ്ടകള്‍ പിതാവിന്റെ തലയിലേക്ക് പായിക്കുകയും ചിന്നിച്ചിതറിയ ശരീരം കണ്ടിട്ടും കൂടുതല്‍ ക്രൂരമായി അതിനെ വീണ്ടും വെട്ടിനുറുക്കുന്ന മാനസികാവസ്ഥ പടിഞ്ഞാറന്‍ ക്രിമിനല്‍ ജീവിതക്രമത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ്. അപകടകരമാംവിധം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന് നേര്‍ക്കുപിടിച്ച കണ്ണാടിയായി ഈ ഹീനമായ സംഭവത്തെ മലയാളി കാണുകയാണ് വേണ്ടത്. കൃസ്ത്യന്‍ കോളേജിന്റെ മൂന്നാംനിലയില്‍നിന്നും ചാടി മരിച്ച ആതിര വെണ്‍മണിക്കാരിയാണ്. എന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരു കുടുംബത്തിലെ വന്‍ പ്രതീക്ഷയായിരുന്നു ആ കുട്ടി. കോളേജിലും നാട്ടിലും എല്ലാവരോടും സ്‌നേഹത്തോടുകൂടി പെരുമാറിയിരുന്ന, പഠനത്തില്‍ മിടുക്കിയായിരുന്ന ഊര്‍ജ്ജസ്വലയായ ആ പെണ്‍കുട്ടി എന്തിന് ആത്മഹത്യചെയ്തു എന്നതിന് ഉത്തരം ഇപ്പോഴും ലഭ്യമല്ല. കോളേജിലെ മികച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള സ്‌കോളര്‍ ഗ്രൂപ്പിലെ അംഗമായിരുന്നു ആതിര. അമ്പരപ്പ് മാറാത്ത സഹപാഠികള്‍ ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തില്‍നിന്നും മോചിതരായിട്ടില്ല. കൈത്തണ്ട മുറിച്ച് കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ആ കുട്ടി ബുക്കില്‍ കുറിച്ചിരുന്നുവത്രേ. പ്രേമനൈരാശ്യമൊന്നുമല്ല സംഭവത്തിന് കാരണമെന്നും പോലീസ് തറപ്പിച്ച് പറയുന്നു. പിന്നെന്തിന് ആ കുട്ടി ഈ കടുംകൈക്ക് മുതിര്‍ന്നു? എന്തുകൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് മലയാളി കൂടുതല്‍ കൂടുതലായി ആത്മഹത്യാ മുനമ്പിലേക്ക് പാഞ്ഞടുക്കുന്നു? ഭാരതത്തില്‍ ആത്മഹത്യാ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. എന്തേ ഇതൊരു സാമൂഹ്യ പ്രശ്‌നമായി കണക്കാക്കി പരിഹാരം തേടാന്‍ നമുക്കാവുന്നില്ല? പാശ്ചാത്യ മനഃശാസ്ത്രത്തിന്റെ ആദ്യപാഠം മനുഷ്യന്‍ ജന്മനാ ഒരു ക്രിമിനലാണെന്നുള്ളതാണ്. ഭാരതീയ കാഴ്ചപ്പാടില്‍ മനുഷ്യജന്മം സുകൃതവും ആത്മാവ് പരിശുദ്ധവുമാണ്. ധര്‍മ്മരാജ്യ സങ്കല്‍പ്പവും ധര്‍മ്മാധിഷ്ഠിത സാമൂഹ്യക്രമവുമാണ് ഭാരതീയ ജീവിതത്തിന്റെ കാതല്‍. നാം എത്തിപ്പെട്ട വര്‍ത്തമാന സമൂഹ്യക്രമം ഭാരതീയ രീതിയേക്കാള്‍ പാശ്ചാത്യക്രമത്തിന്റെ അധിനിവേശത്താല്‍ മലിനമായിട്ടുള്ളതാണ്. കേരളത്തില്‍ ക്രൈംനിരക്കും ആത്മഹത്യാനിരക്കും ഏറ്റവും കൂടിയ അവസ്ഥയിലെത്തിയിട്ടും അതിനെ സാമൂഹ്യദൃഷ്ടിയില്‍ വിലയിരുത്തി പരിഹാരം കണ്ടെത്താന്‍ ഇവിടെ ആരും ശ്രമിച്ചിട്ടില്ല. സാങ്കേതികതയിലൂന്നിയ നീതിക്രമത്തിന് മാത്രമായി കുറ്റകൃത്യങ്ങളെ വിട്ടുകൊടുക്കുന്ന നാടാണ് നമ്മുടേത്. ഇതൊരു ശരിയായ പരിഹാര മാര്‍ഗ്ഗമല്ല. ചെങ്ങന്നൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമല്ലാത്ത നമ്മുടെ ജീവിതക്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും ശരിയായ പരിഹാരം കണ്ടെത്തലും ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.