ശതാഭിഷിക്തനായ നാദത്രയ പ്രതിഭയ്ക്ക് അനന്തപുരിയുടെ സ്‌നേഹാദരം

Saturday 11 June 2016 10:34 pm IST

ശതാഭിഷിക്തനായ സി.ജി.രാജഗോപാലിനെ ആദരിക്കാന്‍ തിരുവനന്തപുരത്ത് ദൃശ്യവേദി സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ലളിതാംബിക അദ്ദേഹത്തിന് മംഗള പത്രം നല്‍കുന്നു. സി.പി. നായര്‍, രാമചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നാദത്രയ പ്രതിഭയ്ക്ക് അനന്തപുരിയുടെ സ്‌നേഹാദരം. കവിയും മാതൃകാധ്യാപകനും ക്ലാസിക്കല്‍ ദൃശ്യകലകളുടെ ഉറ്റതോഴനുമായ സി.ജി. രാജഗോപാലെന്ന അപൂര്‍വ പ്രതിഭയ്ക്കാണ് ശതാഭിഷിക്ത വേളയില്‍ അനന്തപുരി നിര്‍ലോപമായ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചത്.

ശിഷ്യരും ദൃശ്യകലകളുടെ ആസ്വാദനവും പരിപോഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദൃശ്യവേദിയും മറ്റ് നിരവധി കലാസാംസ്‌കാരികസംഘടനകളുമാണ് അദ്ദേഹത്തെ ആദരിച്ചത്. പ്രഗത്ഭനായ അധ്യാപകന്‍, വിവര്‍ത്തകന്‍ ബഹുഭാഷാ പണ്ഡിതന്‍, മികച്ച വാഗ്മി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മഹാമനീഷിയാണ് സി.ജി. രാജഗോപാലെന്ന് വിളിച്ചോതുന്നതായിരുന്നു പ്രൗഢഗംഭീരമായ ആദരിക്കല്‍ ചടങ്ങ്.

പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യസപര്യയിലൂടെ ഊതിക്കാച്ചിയെടുത്ത കവിത്വമാണ് സി.ജി. രാജഗോപാലിന്റെത്. അമ്പലപ്പുഴ തലവടിയിലെ ചേരിയില്‍ സി.എസ്. ഗോപാലക്കൈമളുടെയും മാവേലിക്കര കണ്ടിയൂര്‍ ഓണമ്പള്ളിയില്‍ കെ. പാറുക്കുട്ടി അമ്മയുടെയും മകനായി 1932 മെയ് 21 ജനിച്ച രാജഗോപാലാണ് ലോകമറിയുന്ന സാഹിത്യപ്രതിഭയായി മാറിയത്.

ബഹുമതികള്‍ക്ക് പുറകെ പോകാതെ നിലകൊണ്ട രാജഗോപാലിനെ പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും തേടി വന്ന് പ്രാപിക്കുകയായിരുന്നെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുന്‍ ചീഫ്‌സെക്രട്ടറി സി.പി. നായര്‍ പറഞ്ഞു. അത്യഗാധമായ പാണ്ഡിത്യത്തിനുടമയായ രാജഗോപാല്‍ മാതൃകാധ്യാപകനും കൂടിയാണ്. ഈശ്വരനിശ്ചയം കൊണ്ട് അധ്യാപകനായ വ്യക്തിയാണ് രാജഗോപാലെന്നും സി.പി. നായര്‍ ചൂണ്ടിക്കാട്ടി.

ക്ലാസിക്കല്‍ സാഹിത്യം ഇഷ്ടപ്പെടുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന രാജഗോപാല്‍ നൂറുവര്‍ഷം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കട്ടെ എന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച മുന്‍ ചീഫ്‌സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ ആശംസിച്ചു. മറ്റൊരു മുന്‍ ചീഫ്‌സെക്രട്ടറി ലളിതാംബിക അദ്ദേഹത്തിന് മംഗളപത്രം സമര്‍പ്പിച്ചു. ദൃശ്യവേദി വൈസ് പ്രസിഡന്റ് ഡോ പി. വേണുഗോപാലന്‍ മംഗളപത്രം വായിച്ചു.

ഡോ എ.എം. ഉണ്ണികൃഷ്ണന്‍, ഡോ ബി. അരുന്ധതി, ഡോ നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ജി. ജയദേവന്‍നായര്‍ എന്നിവര്‍ വാക്കുകളിലൂടെയും കവിതകളിലൂടെയും സി.ജി. രാജഗോപാലിന് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് ഭാരതീയ വിചാരകേന്ദ്രം ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആദരവ് തപസ്യയുടെ രക്ഷാധികാരി കൂടിയായ അദ്ദേഹം ഏറ്റുവാങ്ങി. ദൃശ്യവേദി സെക്രട്ടറി എസ്. ശ്രീനിവാസന്‍ ഐഎഎസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുരിഞ്ഞൂര്‍ ശങ്കരന്‍പോറ്റിയുടെ കുചേലവൃത്തം കഥകളി അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.