കോട്ടയം: അഴിമതിയാരോപണങ്ങളും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും വൈസ്പ്രസിഡന്റും നടത്തിയ പ്രസ്താവനകളുമാണ് യുഡിഎഫിന്റെ പരാജയകാരണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമിതി യോഗത്തിന് ശേഷം കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരന്റെ പരസ്യപ്രതികരണങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു. മദ്യനയവും പരാജയത്തിന് കാരണമായതായി യോഗം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
2011 ല്‍ നാല് സീറ്റ് ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് (ജേക്കബ്) ന് ഇക്കുറി സിറ്റിംഗ് സീറ്റ് മാത്രം നല്കി ഒതുക്കുകയായിരുന്നു.
തങ്ങളുടെ പാര്‍ട്ടിയോട് നീതികേടാണ് യുഡിഎഫ് നേതൃത്വം കാണിച്ചത്. അത് ഉമ്മന്‍ചാണ്ടി തന്നെ അംഗീകരിച്ചിട്ടുണ്ട്. ഏത് മുന്നണിയിലാണെങ്കിലും ചെറുപാര്‍ട്ടികള്‍ക്ക് രക്ഷയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിംഗ് പ്രസിഡന്റ് വാക്കത്ത് രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ബിജു മറ്റപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: