യുഡിഎഫ് സാമുദായിക സംഘടനകള്‍ക്ക് കീഴടങ്ങി: ജനതാദള്‍

Saturday 11 June 2016 11:05 pm IST

കോഴിക്കോട്: സംസ്ഥാനത്തുടനീളം യുഡിഎഫിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായതും മുന്നണി സാമുദായികസംഘടനകള്‍ക്ക് കീഴടങ്ങിയതുമാണ് പരാജയകാരണമെന്ന് ജനതാദള്‍ യു. സാമുദായിക ധ്രുവീകരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ഇന്നലെ കോഴിക്കോട് ചേര്‍ന്ന ജനതാദള്‍ യു സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെയും ജനറല്‍ സെക്രട്ടറി ഷെയ്ക് പി. ഹാരീസിന്റെയും രാജി പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ സ്വീകരിച്ചില്ലെന്നും ഇരുവരും സ്ഥാനത്ത് തുടരുമെന്നും സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ വോട്ടര്‍ മാരെ സ്വാധീനിച്ചു. മെത്രാന്‍ കായല്‍ , കടമക്കുടി വിവാദങ്ങള്‍ തിരിച്ചടിയായി. യുഡിഎഫ് സംവിധാനം പാടെ തകര്‍ച്ചയിലാണ്. രണ്ടായിരം വോട്ട് ലീഡ് നേടേണ്ട സ്ഥാനത്ത് തുച്ഛമായ വോട്ടുകളാണ് ലഭിച്ചത്. പഞ്ചായത്ത്, നിയോജകമണ്ഡലം തലങ്ങളില്‍ യുഡിഎഫ് കമ്മിറ്റി ചേരാറില്ല. യുഡിഎഫ് പുനസംഘടിപ്പിക്കണം. അടുത്ത പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മമതയുടെയും യച്ചൂരിയുടെയും സ്റ്റാലിന്റെയും പിന്തുണയോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ദേശീയ ബദല്‍ രൂപപ്പെടുത്താനാണ് ശ്രമമെന്ന് വര്‍ഗ്ഗീസ്‌ജോര്‍ജ്ജ് പറഞ്ഞു. യുഡിഎഫ് വിടണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും ചില ജില്ലാ കമ്മിറ്റികളുടെ എതിര്‍പ്പ് കാരണമാണ് യുഡിഎഫിനൊപ്പം നിന്നതെന്നും മുന്നണി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തില്‍ തന്നെ മാത്രം ബലിയാടാക്കുകയാണ് ചെയ്തതെന്ന് കാണിച്ച് ജനതാദള്‍ യു കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മനയത്ത് ചന്ദ്രന്റെ കത്ത് യോഗ സ്ഥലത്ത് വിതരണം ചെയ്തു. താന്‍ മാത്രമല്ല പരാജയപ്പെട്ടതെന്നും മന്ത്രി കെ.പി. മോഹനന്റെയും, ശ്രേയസ് കുമാറിന്റെയും പരാജയം ശ്രദ്ധേയമാണെന്നും കത്തില്‍ പറയുന്നു. മാതൃഭൂമി പത്രത്തില്‍ പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത് മുസ്ലിം വോട്ടര്‍മാരെ സ്വാധീനിച്ചെന്നും മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും കത്തില്‍ ചൂണ്ടികാണ്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.