കാഞ്ഞങ്ങാട്: ജൂലായ് 15,16,17 തിയതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് സംസ്ഥാന പഠന ശിബിരത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കാഞ്ഞങ്ങാട് മഹാകവി പി.സ്മാരകത്തില്‍ നടന്നു. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ജെഎന്‍യുവില്‍ നടന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറംലോകമറിഞ്ഞത് എബിവിപിയുടെ സംഘടനാ ശക്തികൊണ്ടാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത്അദ്ദേഹം പറഞ്ഞു. കാലങ്ങളായി ജെഎന്‍യുവില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. എബിവിപി എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം അതിനെ ശക്തമായി എതിര്‍ത്തതുമൂലമാണ് അത് വിവാദമായതും ലോകമറിയുന്നതും.
വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ദിശാബോധം നല്‍കുക എന്നത് എബിവിപി പ്രവര്‍ത്തകരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ എബിവിപിക്ക് സാധിച്ചിട്ടുണ്ടെന്ന് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് അഭിപ്രായപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്കുവേണ്ടിയോ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടിയോ അല്ല മറിച്ച് ശമ്പള വര്‍ധനയ്ക്കും ആനുകൂല്യത്തിനും വേണ്ടിയാണ് പ്രധാനപ്പെട്ട ചില അധ്യാപക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ സംസാരിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി സ്വാമി മുക്താനന്ദ (ആനന്ദാശ്രമം), സ്വാമി ബോധചൈതന്യ (ശ്രീശങ്കരം മൂന്നാം മൈല്‍), സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം), പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ (ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക്), ദിനേശ് മടപ്പുര (ആര്‍എസ്എസ് കാസര്‍കോട് സംഘചാലക്), മടിക്കൈ കമ്മാരന് (ബിജെപി ദേശീയ സമിതി അംഗം), കെ.വി.ഗോവിന്ദന് (ജന്മഭൂമി ഡയറക്ടര്‍), ദാമോദരന്‍ ആര്‍കിടെക്ട്, പി.ദാമോദര പണിക്കര്‍-രക്ഷാധികാരികള്‍, കേണല്‍ അശോക് കിണി (ചെയര്മാന്), സുകുമാരന്‍ പെരിയച്ചൂര്‍ (വര്‍ക്കിങ് ചെയര്മാന്), കെ.വി.രഞ്ജിത്ത് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), ബല്‍രാജ് കാഞ്ഞങ്ങാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: