ബിജെപി ദേശീയ നിര്‍വാഹക സമിതി ഇന്ന് തുടങ്ങും

Sunday 12 June 2016 9:27 am IST

ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഇന്ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വൈകിട്ട് 4ന് ദേശീയ നിര്‍വാഹക സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന തലങ്ങളിലെ പ്രധാന ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ ദേശീയ അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ദേശീയ നിര്‍വാഹക സമിതിയുടെ അജണ്ടകള്‍ നിശ്ചയിച്ചു. യോഗത്തില്‍ പാസാക്കേണ്ട പ്രമേയങ്ങളുടെ വിഷയങ്ങളും മറ്റ് അജണ്ടകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കുംഭമേള നടക്കുന്ന ത്രിവേണി സംഗമഭൂമില്‍ ചേരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഉത്തര്‍പ്രദേശുള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു. വിവിധസംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനം നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് പറഞ്ഞു. ഇന്ന് രാവിലെ 10മണിക്ക് ഭാരവാഹിയോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും രണ്ടു ദിവസവും പൂര്‍ണ്ണസമയം യോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് മുതല്‍ ചേരുന്ന നിര്‍വാഹകസമിതിയില്‍ രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും. 13ന് വൈകിട്ട് 5.30ന് അലഹബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.