കനത്ത മഴ: ചേങ്കോട്ടുകോണത്ത് വ്യാപക കൃഷിനാശം

Saturday 11 June 2016 11:25 pm IST

പോത്തന്‍കോട്: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയില്‍ പോത്തന്‍കോട്, ചേങ്കോട്ടുകോണം എന്നിവിടങ്ങളില്‍ വ്യാപകമായ കൃഷി നാശം. തോടുകളില്‍ വെള്ളം നിറഞ്ഞൊഴുകിതിനെ തുടര്‍ന്ന് ഇരുകരകളിലുമുള്ള കൃഷികള്‍ നശിച്ചു. ചേങ്കോട്ടുകോണം മേലതില്‍ വീട്ടില്‍ ജയചന്ദ്രന്‍ നായരുടെ 65 സെന്റിലെ 210 റബ്ബര്‍ മരങ്ങളില്‍ ഭൂരിഭാഗവും കടപുഴകി വീണു. എട്ടു വര്‍ഷം പ്രായമായ വെട്ടി കറ എടുക്കാന്‍ പാകമായ മരങ്ങളാണ് നശിച്ചത്. സ്വാമിയാര്‍മഠം കുഴിവിളാകം തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ കര്‍ഷകനായ ശശിധരന്‍ നായരുടെ 150 കപ്പ വാഴകള്‍ ഒടിഞ്ഞു വീണു. കുലച്ചു ഒന്നര മാസമായ വാഴകളാണ് നിലം പൊത്തിയത്. പാട്ടത്തിന് പാടമെടുത്താണ് കൃഷി ചെയ്തത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കര്‍ഷകന്‍ പറഞ്ഞു. ഇതിനോട് ചേര്‍ന്ന് ഉപ്പുമാംവിള വാസുദേവന്‍ നായരുടെ ഇതേ പ്രായത്തിലുള്ള 13 സെന്റിലെ കപ്പവാഴകളും ഒടിഞ്ഞു വീണു. ശ്രീകാര്യം കൃഷി ഭവന്റെ പരിധിയിലാണ് ഇവ മൂന്നും. അയിരൂപ്പാറ മുതല്‍ പണിമൂല വഴി പാച്ചിറ വരെ തെറ്റിയാര്‍ തോട് കരകവിഞ്ഞൊഴുകി. ഏക്കറുകളോളം മരിച്ചീനിയും പച്ചക്കറികറി കൃഷിയും വെള്ളത്തിനടിയിലായി. പോത്തന്‍കോട് പെട്രോള്‍ പമ്പിന് സമീപം റബ്ബര്‍മരം കടപുഴകി വൈദ്യുത കമ്പിയിലേക്ക് വീണത് ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസം വാവറഅമ്പലം പുളിയ്ക്കച്ചിറയില്‍ തേക്ക് മരം വീണ് ഏഴു വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. വാവറയമ്പലത്ത് കുന്നില്‍ റോഡിന്റെ വശത്തെ മണ്‍കൂന ഇടിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന വീടിനടുത്ത് വരെ മണ്ണ് വീണെങ്കിലും വീടിനുമുകളില്‍ പതിക്കാത്തതിനാല്‍ അപകടം ഒഴിവായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.