സിഖ് വിരുദ്ധ കലാപം : 75 കേസുകള്‍ പുനരന്വേഷിക്കുന്നു

Sunday 12 June 2016 11:58 pm IST

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് 1984-ല്‍ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിനോടനുബന്ധിച്ചുള്ള 75 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരമാണിത്. സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവ്. സിഖ് കലാപക്കേസുകളില്‍ ഒരെണ്ണം പോലും പുനരന്വേഷിക്കാന്‍ എസ്‌ഐടിക്ക് ഇതുവരെയായിട്ടില്ലെന്നാണ് കേജ്‌രിവാള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. 1984 ഒക്ടോബര്‍ 31ന് ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ഔദ്യോഗിക കണക്കു പ്രകാരം, 3000ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ദല്‍ഹിയില്‍ മാത്രം 2,733 പേര്‍ മരിച്ചു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത 237 കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതില്‍ 75 കേസുകള്‍ പുനരന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ആര്‍ക്കുവേണമെങ്കിലും അന്വേഷണ സംഘത്തിന് തെളിവു നല്‍കാവുന്നതാണ്. ഇതിന് വിവിധ മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമാനിച്ചിട്ടുണ്ട്. കലാപത്തിന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ ആയില്ലെന്ന കാരണം പറഞ്ഞ് മിക്ക കേസുകളും അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ അടക്കം 42ഓളം കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസുകളില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയിരുന്നതാണ്. അതിനിടെ, ഇതിനു മുമ്പ് സിബിഐ നടത്തിയ അന്വേഷണത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, സിബിഐയുടെ ആവശ്യം തള്ളിയ കോടതി ജഗദീഷ് ടൈറ്റ്ലറുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രണ്ട് സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതോടെയാണ് അന്ന് ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും സിഖ് വിരുദ്ധ കലാപം ഉണ്ടായത്. കലാപകാരികള്‍ക്ക് പൊലീസ് സഹായം നല്‍കിയെന്നും ആരോപണം ഉണ്ട്. ഒരു വന്‍മരം വീഴുമ്പോള്‍ സമീപ പ്രദേശങ്ങളെ ഇത് ഉലച്ചേക്കാം എന്ന് ഇതുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി നടത്തിയ പ്രസ്താവനയും എറെ വിവാദമായിരുന്നു. രാജീവ് ഗാന്ധിയുടെ അറിവോടെയാണ് കലാപം നടന്നത് എന്നതിനുള്ള തെളിവാണ് ഈ പ്രസ്താവനയെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 587 കേസുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 241 കേസുകളുടെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും, നാലെണ്ണം 2006ലും ഒരെണ്ണം 2013ലും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ 35 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ബാക്കി 237കേസുകളിലെ അന്വേഷണം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.