സംസ്ഥാനത്തെ ആദ്യ പോളിടെക്‌നിക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Sunday 12 June 2016 4:05 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പോളിടെക്നിക്ക് എന്ന് ഖ്യാതി കേട്ട വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കേന്ദ്രമാനദണ്ഡങ്ങള്‍ നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് നടപടിക്ക് കാരണമായത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയതോടെ വട്ടിയൂര്‍ക്കാവ് പോളിടെക്‌നികില്‍ പ്രവേശന നടപടികള്‍ നിലച്ചു. പതിനായിരക്കണക്കിന് സാങ്കേതിക വിദഗ്ധരെ സൃഷ്ടിച്ച സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് പ്രതിസന്ധിയിലായത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കുന്ന അഖിലേന്ത്യാ കൗണ്‍സില്‍ അഥവാ എഐസിടിഇ കഴിഞ്ഞ ഏപ്രില്‍ 9ന് കോളേജില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കേന്ദ്രം നിര്‍ദേശിച്ച 28 മാനദണ്ഡങ്ങളില്‍ ന്യൂനതകള്‍ ഉളളതായി കണ്ടെത്തി. അധ്യാപകരുടെ കുറവ്, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, കോഴ്‌സുകളുടെ രേഖകള്‍ ഹാജരാകാത്തത്, സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത എന്നീവയെ കുറിച്ച് ഏപ്രില്‍ പതിനെട്ടിനകം മറുപടി നല്‍കാന്‍ അഖിലേന്ത്യാ കൗണ്‍സില്‍ നിര്‍ദേശിച്ചു. ഇത് ലാഘവത്തോടെ കണ്ട സര്‍ക്കാര്‍ മറുപടിയൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് കോളേജിന്റെ അംഗീകാരം റദ്ദാക്കിയത്. സ്വകാര്യ പോളിടെക്‌നിക് കോളേജുകള്‍ക്ക് വേണ്ടിയാണ് ഇത്തരം നീക്കമെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.