കൈനകരിയില്‍ പാടശേഖരത്ത് മടവീണു

Sunday 12 June 2016 11:04 pm IST

ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടങ്ങിയതോടെ കുട്ടനാട് കൈനകരിയില്‍ പാടശേഖരത്തില്‍ മടവീണു. കൈനകരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ മഞ്ചാടിമൂട് പനയ്ക്കത്തോടിനു സമീപം 340 ഏക്കര്‍ കുപ്പപ്പുറം പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. മൂന്നൂറിലധികം കര്‍ഷകരുടെ പാടശേഖരങ്ങളില്‍ വെള്ളം കയറി. കൃഷിയിറക്കുന്നതിനായി തയ്യാര്‍ചെയ്ത പാടശേഖരത്തിലാണ് വെള്ളം നിറഞ്ഞത്. ഏക്കറിന് ഏഴായിരം രൂപ ചെലവഴിച്ചാണ് കര്‍ഷകര്‍ കൃഷിയ്ക്കായി നിലമൊരുക്കിയത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കായലിനോട് ചേര്‍ന്ന ഭാഗത്ത് മടവീണതിനാല്‍ പ്രദേശവാസികള്‍ക്ക് മാറിത്താമസിക്കാനുള്ള സൗകര്യം ഇവിടില്ല. മടവീഴ്ചയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. 200ലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാശനഷ്ടങ്ങള്‍ അടിയന്തരമായി വിലയിരുത്തുന്നതിന് ജില്ലാ കൃഷി ആഫീസര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ക്ക് താമസംകൂടാതെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.