തമിഴ്‌നാട്ടില്‍ നിന്നും കടത്തുകയായിരുന്ന കഞ്ചാവും ഹാന്‍സും പിടികൂടി

Sunday 12 June 2016 11:14 pm IST

പാലക്കാട്: കെഎസ്ആര്‍ടിസി ബസില്‍ തമിഴ്‌നാട്ടില്‍ നിന്നും കടത്തുകയായിരുന്ന കഞ്ചാവും ഹാന്‍സും എക്‌സൈസ് അധികൃതര്‍ പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചില്ലറ വില്‍പ്പനക്കായി 40 പൊതികളാക്കിയ നിലയില്‍ അരകിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശി ഷാജി(23)യാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന ബസിലാണ് കഞ്ചാവ് കടത്തിയത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും 360 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. ചേലക്കര സ്വദേശി കൃഷ്ണദാസ്(32) ആണ് ഹാന്‍സ് കടത്തുന്നതിനിടെ പിടിയിലായത്. ഇത് ചേലക്കരയിലേക്കാണ് കടത്തിയിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വാളയാര്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഒറ്റപ്പാലം എക്‌സൈസ് സര്‍ക്കിള്‍ അധികൃതരാണ് വാഹനപരിശോധന നടത്തി കഞ്ചാവും ഹാന്‍സും പിടിച്ചെടുത്തത്. ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, ഒറ്റപ്പാലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടിടങ്ങളില്‍ നിന്നായി നാലു ലിറ്റര്‍ ചാരായം പിടികൂടി. ഒരു മധ്യവയസ്‌കയെയും വൃദ്ധനെയും അറസ്റ്റ് ചെയ്തു. പട്ടാമ്പി കണയം ഭാഗത്തുനിന്നും രണ്ടുലിറ്റര്‍ ചാരായവുമായി രാധ(52)യും ചെര്‍പ്പുളശ്ശേരി കരിമ്പുഴ ഭാഗത്തുനിന്നും രണ്ടുലിറ്റര്‍ ചാരായവുമായി കുട്ടനു(62) മാണ് പിടിയിലായത്. ഒറ്റപ്പാലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. സാബു, പ്രിവന്റീവ് ഓഫീസര്‍ ലോദര്‍ എല്‍. പെരേര, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജെ.ആര്‍. അജിത്ത്, വിശ്വകുമാര്‍, തോമസ്, സജീഷ്, റായ് എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.