ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് കണ്ണൂരില്‍

Sunday 12 June 2016 11:38 pm IST

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കാനും നേരിട്ട് കണ്ട് മനസ്സിലാക്കാനുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം ഇന്ന് കണ്ണൂരിലെത്തും. പിണറായിയില്‍ സിപിഎമ്മുകാര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ ഇവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. രാവിലെ 10 മണിക്ക് പിണറായി പുത്തന്‍കണ്ടത്തെത്തുന്ന കമ്മീഷന്‍ അധ്യക്ഷ അക്രമത്തിനിരയായവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. കോഴിക്കോട് ജില്ലയിലും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കുന്നുണ്ട്. ജില്ലയില്‍ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎം നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വ്യാപക അക്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രനേതൃത്വത്തിനും മന്ത്രിമാര്‍ക്കും പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ പിണറായിയിലെ സിപിഎമ്മുകാര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. കുമ്മനം നല്‍കിയ പരാതിയില്‍ ഇരിട്ടി മുഴക്കുന്നില്‍ ഏഴുവയസുകാരനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്തുതി കക്കര്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും ചീഫ് സെക്രട്ടറിക്കും ഏതാനും ദിവസം മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.