ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കാന്‍ ലീഗ് തീരുമാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ : അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചക്ക്

Sunday 12 June 2016 11:47 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരേയുള്ള എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയാവതരണവും വോട്ടെടുപ്പും ഇന്ന് നടക്കും. രാവിലെ 11ന് വരണാധികാരിയായ ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിലാണ് അവിശ്വാസം അവതരിപ്പിക്കുക. നിലവില്‍ യുഡിഎഫില്‍നിന്നുള്ള മുസ്‌ലിംലീഗിലെ സി.സമീറാണ് ഡെപ്യൂട്ടി മേയര്‍. എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നതോടെ യുഡിഎഫിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടപ്പെടാനാണു സാധ്യത. രഹസ്യബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ സമീര്‍ പരാജയപ്പെടുകയാണെങ്കില്‍ പുതിയ ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നോമിനേഷന്‍ സമര്‍പ്പണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ പാലിച്ചു മറ്റൊരു ദിവസമായിരിക്കും തെരഞ്ഞെടുപ്പ്. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി ജയിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് പി.കെ.രാഗേഷുമാണുള്ളത്. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു മത്സരിപ്പിക്കാന്‍ എല്‍ഡിഎഫില്‍ ധാരണയായിട്ടുണ്ട്. ഇതിനെതിരേ സിപിഐ ആദ്യം തൊട്ടെ രംഗത്തെത്തിയിരുന്നു. അതു കൊണ്ടു തന്നെ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ അംഗങ്ങളുടെ നിലപാട് നിര്‍ണ്ണായകമാവും. മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫിലെ ഇ.പി.ലത വിജയിച്ചത് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ വോട്ടിന്റെ ബലത്തിലായിരുന്നു. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ രാഗേഷ് വിട്ടുനിന്നതോടെ തുല്യം വോട്ട് വരികയും നറുക്കെടുപ്പില്‍ സമീര്‍ ജയിക്കുകയുമായിരുന്നു.— സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.—അതുവഴി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ എട്ടില്‍ ഏഴു സ്ഥാനവും യുഡിഎഫിനു ലഭിക്കുകയും ചെയ്തു. ഡെപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം പാസായാലും ധനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലൊഴികെ മറ്റു കമ്മിറ്റികളില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ രാഗേഷ് കോണ്‍ഗ്രസിനു പുറത്താണ്. അവിശ്വാസം കൊണ്ടുവന്നാല്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നു രാഗേഷ് നേരത്തെ അറിയിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ ഭരണത്തിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി യുഡിഎഫിന് നഷ്ടപ്പെടുന്നതോടെ കണ്ണൂരിലെ വര്‍ഷങ്ങളായുളള യുഡിഎഫിന്റെ ഭരണ രംഗത്തെ കുത്തക സമ്പൂര്‍ണ്ണമായും അവസാനിക്കുകയാണ്. നേരത്തെ ലോക്‌സഭാ മണ്ഡലവും തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഭരണവും ഏറ്റവും ഒടുവില്‍ എന്നും യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലവും നഷ്ടപ്പെട്ടതോടെ കണ്ണൂരില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഡെപ്യൂട്ടി മേയര്‍ക്കെതിരായ എല്‍ഡിഎഫിന്റെ അവിശ്വാസം പാസാകാന്‍ സാധ്യതയുള്ളതിനാല്‍ തല്‍സ്ഥാനം രാജിവെക്കാന്‍ ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗിന്റെ യോഗത്തില്‍ തീരുമാനമായതായി അറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.