കൊട്ടിയൂരില്‍ നാളെ വാളാട്ടം

Monday 13 June 2016 11:21 am IST

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നാളെ അത്തം നാളില്‍ വാളാട്ടം, കുടിപതികളുടെ തേങ്ങയേറ്, പായസ നിവേദ്യം,കൂത്ത് സമര്‍പ്പണം എന്നിവ നടക്കും. അത്തം നാളില്‍ പന്തീരടിക്ക് നടക്കുന്ന ശീവേലി മഹോത്സവത്തിലെ അവസാനത്തെ ശീവേലിയായിരിക്കും. അത്തം നാളിലെ ആയിരം കുടം അഭിഷേകത്തോടെ ഈ വര്‍ഷ ത്തെ യാഗോത്സവം അവസാനിക്കും. ചിത്ര ചോദി നാളുകളിലെ ചടങ്ങുകള്‍ പുറം ചടങ്ങുകളാണ്. ഈ വര്‍ഷം നിര്‍ത്തിവെച്ച ആയിരം കുടം അഭിഷേകത്തോടെയാണ് അടുത്ത വര്‍ഷം ഉത്സവം ആരംഭിക്കുക. ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ വാളാട്ടം നടത്തും. തിടമ്പുകള്‍ വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെയ്ക്കും. തിടമ്പുകളില്‍ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തും. നാലാമത് വലിയവട്ടളം പായസം അത്തം നാളില്‍ ഭഗവാന് നിവേദിക്കും. ഈ ദിവസം ആയിരംകുടം അഭിഷേകവും ഉണ്ടാകും. രാത്രിയില്‍ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. അന്നേ ദിവസം കൂത്ത് സമര്‍പ്പണവും നടക്കും. ഇന്നലെ രാവിലെ അക്കരെ സന്നിധിയില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ തുറുമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തരാണ് ഈ വര്‍ഷം കൊട്ടിയൂരിലെത്തിയത്. സേവാഭാരതിയുടെ അന്നദാനം, സത്യസായി സേവാ സമിതിയുടെ ചുക്കുകാപ്പി വിതരണം, വൈദ്യശോധന എന്നിവ ഭക്തജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.