കൊയിലാണ്ടി: കൊയിലാണ്ടി സാംസ്കാരിക നിലയം അധികൃതരുടെ അശ്രദ്ധ കാരണം നശിക്കുന്നു. കൊയിലാണ്ടിയില്‍ ദേശീയപാതയോരത്താണ് സാംസ്ക്കാരിക നിലയം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലയത്തിന്റെ ബഹുനില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ഏതാനും മുറികള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. രണ്ട് മൂന്ന് നിലകളിലെ നിരവധി മുറികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും വാടകയ്ക്ക് നല്‍കിയിട്ടില്ല. കുട്ടികള്‍ക്കുള്ള ലൈബ്രറി, മുന്‍സിപ്പല്‍ ലൈബ്രറി, പ്രസ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നത് സാംസ്കാരിക നിലയത്തിന്റെ മൂന്ന്, നാല്, നിലകളിലാണ്. ഇവിടേയ്ക്ക് എത്തിപ്പെടാന്‍ ലിഫ്റ്റ് സൗകര്യം ഒരുക്കാന്‍ മുന്‍സിപ്പാലിറ്റിയില്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് രൂപയൂടെ കൂറ്റന്‍ ജനറേറ്റര്‍ സാംസ്കാരിക നിലയത്തിനായുണ്ട്. അത് ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. മഴക്കാലമായതോടെ ഈ കെട്ടിടത്തിന്റെ പല ഭാഗവും ചോര്‍ന്നൊലിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമാണ്. അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ഈ കെട്ടിടത്തിലേക്ക് നിരവധി വഴികളിലൂടെ കടന്നുവരാന്‍ കഴിയും. അതിനാല്‍ മദ്യപന്മാരുടെ കേന്ദ്രമായും സാംസ്കാരിക നിലയം മാറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ അടിഭാഗത്ത് പാര്‍ക്കിംഗിനായുള്ള സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇവിടം കൊതുകുകളുടെ വളര്‍ത്തു കേന്ദ്രവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: