ഈറ്റവ്യവസായം പ്രതിസന്ധിയില്‍

Tuesday 14 June 2016 11:20 am IST

പുനലൂര്‍: കാട് കയ്യേറി നാടാക്കിയപ്പോള്‍ ഒരു വിഭാഗം തൊഴിലാളികള്‍ തീരാദുരിതത്തിലായി. ചൂരലും ഈറയും ശേഖരിച്ച് പരമ്പരാഗതരീതിയില്‍ ഫര്‍ണിച്ചറുകളും കുട്ട, വട്ടി, മുറം തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും മറ്റും നിര്‍മ്മിച്ച് വിപണനം നടത്തിയിരുന്ന ഒരു ജനവിഭാഗമാണ് ഇപ്പോള്‍ വനനശീകരണം മൂലം പാരമ്പര്യമായി തുടര്‍ന്നുവന്ന തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ എത്തിയിട്ടുള്ളത്. അച്ചന്‍കോവില്‍, ആര്യങ്കാവ് മേഖലകളിലായി ഈറ്റ വ്യവസായത്തിലൂടെ ഉപജീവനം നടത്തിയിരുന്ന നാനൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുള്ളത്. വനമേഖലയിലെ കടന്നുകയറ്റം കടുത്ത സാമ്പത്തികനഷ്ടവും തൊഴില്‍നഷ്ടവും ഉണ്ടാക്കിയതായി ഇവര്‍ പറയുന്നു. പുനലൂര്‍ പേപ്പര്‍മില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഇവിടുത്തെ പ്രധാന അസംസ്‌കൃതവസ്തു ഈറയായിരുന്നു. എന്നാല്‍ പേപ്പര്‍മില്‍ പ്രവര്‍ത്തനം ഇപ്പോള്‍ പുനരാരംഭിച്ചെങ്കിലും ഈറയും മുളയും വേണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പുതിയ തലമുറ ഈ രംഗത്തേക്ക് വരുവാന്‍ മടി കാണിക്കുന്നു. കാര്‍ഷികസംസ്‌കാരം അതിന്റെ തനിമയോടെ നിന്നകാലത്ത് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ നെല്‍കൃഷിയുടേയും, കൊയ്ത്ത്, മെതി എന്നിവ ഇല്ലാതായതോടെയും വനം കയ്യേറുന്ന പുത്തന്‍ പ്രവണത ഒരു വലിയ പരമ്പരാഗത വ്യവസായത്തിന്റെ ചരമഗീതം രചിച്ചുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.