'ആരാണ് നീ സുധാകരാ'

Monday 13 June 2016 8:51 pm IST

ഉഡ്താ പഞ്ചാബ് എന്ന സിനിമയുടെ സെന്‍സറിങ് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉണ്ടായി. സെന്‍സര്‍ ബോര്‍ഡിന്റെ പങ്ക് എന്താണ് എത്രത്തോളമാണ് എന്ന ചര്‍ച്ചകള്‍ സക്രിയമായി. മയക്കുമരുന്നു മാഫിയയുടെ പിടിയിലായ പഞ്ചാബിനെക്കുറിച്ചാണ് സിനിമ. അതിലെ 89 ഭാഗങ്ങള്‍, ഇതുവരെ തുടര്‍ന്നിരുന്ന സെന്‍സറിങ് മാനദണ്ഡപ്രകാരം ഒഴിവാക്കണമെന്ന് ബോര്‍ഡും അതല്ല അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വിലക്കാത്തതെന്ന് കലാകാരന്മാരും വാദിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ നിലവിലുള്ള സെന്‍സര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് ചര്‍ച്ചയെത്തി. ഒടുവില്‍ കേട്ട വിചിത്രവാദം ഇതാണ്: സെന്‍സര്‍ ബോര്‍ഡിന്റെ ജോലി സിനിമയെ തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നതു മാത്രമാണ്. നിയന്ത്രണങ്ങള്‍ ഒന്നും അവര്‍ ചുമത്തേണ്ട എന്ന്. അതായത്, 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം', 'പുകവലി അപകടകരം', 'അപരിചിതരുമായുള്ള ശാരീരികബന്ധം എയ്ഡ്‌സിനു കാരണമാകും' എന്നിങ്ങനെയുള്ള മുന്നറിയിപ്പുപോലെ, അവിടെത്തീരുന്നു സെന്‍സര്‍ ബോര്‍ഡ് ജോലിയും എന്ന് സാരം. വിചിത്രമാണ് ഈ പുതിയ വാദഗതി. അതെന്തായാലും പക്ഷേ, സെന്‍സറിങ് വേണ്ടുന്ന ചില നാവുകളുണ്ടിവിടെ. അതെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാവടക്കണമോ നാവരിയണമോ എന്ന് നല്ലൊരു തുടര്‍ ചര്‍ച്ച ഉണ്ടാവേണ്ടതാണെന്ന് തോന്നിപ്പോകും. മലയാളത്തില്‍ ഏറെ ഹിറ്റായ ഒരു സിനിമയായിരുന്നു 'തിളക്കം.' അതിലെ നായകന്‍ ഉണ്ണിയ്ക്ക് (ദിലീപ്) ഒരു വിചിത്ര സ്വഭാവമുണ്ടായിരുന്നു. ചില പ്രത്യേക നേരത്ത് മുണ്ടുടുത്തവരെ കണ്ടാല്‍ വിരലുകള്‍ ചേര്‍ത്ത് വട്ടത്തിലാക്കി, ഒ കെ ചിഹ്നമുണ്ടാക്കി അതിലൂടെ മുണ്ട് നോക്കി അടുത്തനിമിഷം അത് ഉരിഞ്ഞെടുത്ത് ഓടുന്ന സ്വഭാവം. നാണക്കേടുണ്ടാവാതിരിയ്ക്കാന്‍ ആ നാട്ടുകാരെല്ലാം പാന്റ്‌സ് ധരിക്കാന്‍ തുടങ്ങി. ഏറെ ആശ്വാസം ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു, പാന്റ്‌സും അതിനുമേല്‍ ളോഹയും ധരിച്ച അദ്ദേഹത്തിന് (ജഗതി) ഒട്ടും ഭയമില്ലായിരുന്നു. ചിലര്‍ ഈ വികൃതിയുടെ പേരില്‍ നായകനെ കൈകാര്യം ചെയ്തു. ഒടുവില്‍ മനശ്ശാസ്ത്ര വിശകലനം നടത്തിയാണ് അത് കണ്ടെത്തിയത്, നായകന്റെ ഭാര്യ വീടിനു മുകളില്‍നിന്ന് വീണതും ഉടുതുണി (സാരി) പിടിവള്ളിയായതും നിര്‍ണ്ണായക നിമിഷത്തില്‍ പ്രതീക്ഷയറ്റതും മരണപ്പെട്ടതും മറ്റുമാണ് 'മുണ്ടുരിയല്‍' ഭ്രമത്തില്‍ നായകനെ എത്തിച്ചതെന്ന്. ശരിയാണ്, ഓരോ അസ്വാഭാവിക പ്രവൃത്തികള്‍ക്ക് പിന്നിലും ഉണ്ടാവും ഇത്തരം ചില കാരണങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ മതംനോക്കി ആചാര്യന്മാരുടെയും ഗുരുസ്ഥാനീയരുടെയും ഉടുമുണ്ടുപൊക്കി നോക്കാന്‍ നോമ്പുനോറ്റ് നടക്കുന്ന ഒരു സംസ്ഥാന മന്ത്രിയുടെ ഈ പ്രത്യേക മാനസികാവസ്ഥയ്ക്ക് എന്തായിരിക്കും കാരണം. അതി ഗഹനമായ വിശകലനം ആവശ്യമാണ്. പറയുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ കാര്യമാണ്. സമര്‍ത്ഥനാണ്. ഒട്ടേറെ കഴിവുകളുണ്ട്. കവിതയെഴുതും. 'ആരാണ് നീ ഒബാമാ' അദ്ദേഹത്തിന്റെ കവിതാ സമാഹാരമാണ്. വ്യക്തിപരമായ ഇടപഴകലിന് മിടുക്കനാണ്; ഇത്രയൊക്കെ ബഹുമാനം ഇദ്ദേഹം നമുക്കു നല്‍കുന്നല്ലോ എന്ന് തോന്നിപ്പോകുമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പൊതുവേദിയില്‍ പലപ്പോഴും അദ്ദേഹത്തിന് മറ്റൊരു ഭാവമാകുന്നു. 'അന്യന്‍' സിനിമയിലെ നായകനെപ്പോലെ. അപ്പോള്‍ പ്രതിപക്ഷ ബഹുമാനമില്ല. സ്ത്രീ-പുരുഷ പരിഗണനയില്ല. സദസ്സ് ഏതാണെന്ന് ഓര്‍മ്മ വരില്ല. 'വികടസരസ്വതി'യുടെ വിളയാട്ടമായിരിക്കും. ആ തിരുനാവില്‍ പൊന്നുകൊണ്ടല്ല, ചൊറിയണംകൊണ്ടാണ് ആദ്യമെഴുതിയതെന്ന് സംശയിപ്പിക്കും. മന്ത്രി പറയുന്നത് അതേപോലെ റിപ്പോര്‍ട്ടു ചെയ്യാന്‍, സാംസ്‌കാരിക സെന്‍സറിങ് വിവേചനമുള്ള മാധ്യമങ്ങള്‍ രണ്ടുവട്ടം ആലോചിയ്ക്കും. നാക്കുപിഴകളല്ല പലതുമെന്നു വേണം കരുതാന്‍, കാരണം അവ ആവര്‍ത്തിക്കുന്നുണ്ടല്ലൊ. അല്ലെങ്കില്‍ സംന്യാസിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന് മൂന്നാം തവണയും പറയുന്നതിന് സാമാന്യബോധത്തില്‍ സാധൂകരണമില്ലല്ലൊ, ഏറ്റവും ഒടുവില്‍ ഇതരമത വിഭാഗത്തിന്റെ ചടങ്ങില്‍; മറ്റു മതവിഭാഗങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട്. മതേതര പ്രതിജ്ഞയെടുത്ത മഹാന്റെ മതസ്പര്‍ദ്ധയ്ക്ക് ഉണ്ടാക്കുന്ന പ്രവൃത്തിക്കു പിന്നിലെ മനോവ്യാപാരം പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. മനശ്ശാസ്ത്രജ്ഞരില്‍ ചിലര്‍ ഊഹം പറയുന്നതിങ്ങനെയാണ്: ഒന്നുകില്‍ ഉടുതുണിയുമായി ബന്ധപ്പെട്ടുള്ള കടുത്ത ദുരനുഭവം. അല്ലെങ്കില്‍ ഉടുതുണി ഉപേക്ഷിച്ച് സ്വയം നഗ്നനാകാനുള്ള ആഗ്രഹം. ഈ നഗ്നത ശാരീരിക നഗ്നതയാകണമെന്നില്ല, സ്വയം തുറന്നു കാട്ടാനുള്ള വ്യഗ്രത. ഒരു വ്യക്തിയെ മറ്റുള്ളവര്‍ ശരിയായി മനസ്സിലാക്കുന്നില്ല എന്നുതോന്നുമ്പോള്‍ സ്വയം പ്രകടമാക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം അയാളില്‍ ഇങ്ങനെ പ്രതിഫലിക്കാമെന്ന് മനോവിജ്ഞാനീയരില്‍ ചിലര്‍ പറയുന്നു. ഇനി മറ്റൊന്നുണ്ട്, സംന്യാസത്തോടുള്ള അടക്കാനാവാത്ത ആഭിമുഖ്യം. അത്തരം ഘട്ടത്തില്‍ അതിനോടകന്നു നില്‍ക്കാന്‍ മനസ്സിനെ സ്വയം പ്രേരിപ്പിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്‌തേക്കാം. 'ഞാന്‍ അതല്ല' എന്ന് കാണിക്കാനും ബോധിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമം. അതായത്, ഒരാളിലുണ്ടാകുന്ന ഭാവമാറ്റം, വിശ്വാസമാറ്റം പ്രതിഫലിയ്ക്കുന്നത് ചിലരില്‍ ആദ്യം വേഷത്തിലായിരിക്കും പലപ്പോഴും. ഈ മാറ്റങ്ങളെ ചെറുക്കാനുള്ള ബോധപൂര്‍വ്വമായ കഠിനശ്രമത്തില്‍, വാക്കുകള്‍ ശ്രദ്ധിക്കപ്പെടുമെന്നറിയാവുന്നവര്‍, വര്‍ത്തമാനത്തിലൂടെ അത് പ്രതിഫലിപ്പിച്ചേക്കുമത്രെ. ഇതെല്ലാം പൊതുതത്ത്വം. പക്ഷേ ഓരോ വ്യക്തിയേയും പ്രത്യേകം പ്രത്യേകം പരിശോധിച്ചാലേ കൃത്യമായി പറയാനാവൂ എന്നും അറിവുള്ളവര്‍ പറയുന്നു. സഖാവ് ജി. സുധാകരനെ, പാര്‍ട്ടിയംഗങ്ങള്‍ക്ക് പുതിയ ചട്ടങ്ങളും നിയമങ്ങളും സിപിഎം നടപ്പാക്കിക്കൊണ്ടിരിക്കെ, പാര്‍ട്ടി പരിശോധിച്ചാലും ഇല്ലെങ്കിലും ഒന്നു നിര്‍ബ്ബന്ധമായും ചെയ്യണം; ഈ നാവിനൊരു സെന്‍സറിങ് ഏര്‍പ്പെടുത്തണം, അല്ലെങ്കില്‍ 'നിയമപരമായ മുന്നറിയിപ്പ്' പ്രഖ്യാപിക്കണം-മദ്യക്കുപ്പിയിലും സിഗററ്റ് പാക്കറ്റിലുമെന്നപോലെ അത് പരസ്യപ്പെടുത്തുകയും വേണം. ഒരുപക്ഷേ, പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണോ ഇതൊക്കെയെന്നും ചിന്തിച്ചുപോകും. ആദര്‍ശത്തിലും പ്രവൃത്തിയിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ സിപിഎം ഇത്തരം പണികള്‍ കാണിയ്ക്കുക പതിവാണ്. അതിന് ഓരോരോ കാലത്ത് ഓരോരോ നേതാക്കള്‍ നിയുക്തരായിരുന്നു. ആദര്‍ശക്കാര്യത്തില്‍ ഇത്തരം വികൃതികള്‍ സഖാവ് ഇഎംഎസിന്റെ ചുമതലയായിരുന്നു. 'ഇന്ത്യയും ചൈന'യും മുതല്‍ 'മലബാര്‍ കലാപവും കാര്‍ഷിക വിപ്ലവവും' മുതല്‍ 'മദനിയും മഹാത്മജി'യും വരെയുള്ള വിചിത്രവാദങ്ങള്‍ വിലയിരുത്തിയാല്‍ അതു ബോധ്യപ്പെടും. ആദര്‍ശത്തിന്റെ അപഭ്രംശങ്ങളെ അങ്ങനെ എന്നും ന്യായീകരിച്ചുപോന്നുവല്ലോ സഖാവ്. പില്‍ക്കാലത്ത് പാര്‍ട്ടിയുടെ പ്രവൃത്തികളെ നാക്കുകൊണ്ട് നയമാക്കിയെടുക്കുന്ന ചുമതല സഖാവ് ഇ. കെ. നായനാര്‍ക്കായിരുന്നു. പറയാനുള്ളത് പറയുകയും അത് വിടുവായത്തമാണെന്ന് പാര്‍ട്ടി ലഘൂകരിയ്ക്കുകയുമായിരുന്നല്ലോ പതിവ്. പിന്നീട് ഈ ഉത്തരവാദിത്തം വി.എസ്.അച്യുതാനന്ദനിലായി. അദ്ദേഹം ആ ദൗത്യം കൃത്യമായി നിര്‍വഹിച്ചു പോന്നു. ഇപ്പോള്‍, പാര്‍ട്ടിയുടെ ആസ്ഥാന 'വികൃതവാദി'യായി 'വികടകവി' കൂടിയായ സുധാകരനെ നിയോഗിച്ചിട്ടുണ്ടാവാം. പാര്‍ട്ടിയുടെ പുതിയ നയം ഹിന്ദുക്കളെയും ആര്‍എസ്എസ്-സംഘപരിവാറിനെയും രണ്ടാക്കി വ്യാഖ്യാനിച്ച് അകറ്റുക, ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുക 'ഇണ്ടല്‍ ഉണ്ടാക്കുക'എന്നതാണല്ലൊ. കമ്മ്യൂണിസ്റ്റുകളുടെ ആദര്‍ശത്തിലെ, വിശ്വാസത്തിലെ, നയത്തിലെ, നടത്തിപ്പിലെ പിണാമത്തിന്റെ ഈ വിചിത്ര വഴികള്‍ ഏറെ കൗതുകകരമാണ്; പ്രത്യേകം വിശദമായി വിശകലനം ചെയ്യേണ്ടതാണ്. ഒരു മോഡല്‍ മാത്രം ഇതാ: കാല്‍നൂറ്റാണ്ടിനുമുമ്പത്തെ അവരുടെ മുദ്രാവാക്യം 'ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം' എന്നായിരുന്നു. ഇന്നോ. മതമാണ് അതിന്റെ ജീവനം. പാര്‍ട്ടിയുടെയും നേതാക്കളുടെയും മനപ്പരിശോധനയ്‌ക്കൊപ്പം രക്തപരിശോധന കൂടി നടത്തിയാല്‍ അവരിലെ ചുവപ്പുചോരയുടെ ഘടന മാറിയതു കാണാം; ഡിഎന്‍എ പരിശോധനയിലേക്ക് കടക്കരുത്, ആകെ അപകടമായേക്കും. ജി. സുധാകരന്‍ എന്ന വ്യക്തിയല്ല ഇവിടെ വിഷയം. വ്യക്തികള്‍ എന്തെല്ലാം പുലമ്പുന്നു. അവരുടെയെല്ലാം നാവടക്കുക നടപ്പില്ലാത്ത കാര്യമാണ്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ വാര്‍ഷിക മാസത്തില്‍ അതോര്‍ക്കുന്നത് ഏറെ ഉചിതമാണ്. പക്ഷേ സുധാകരന്‍ സംസ്ഥാന മന്ത്രിയായിരിക്കെ നടത്തുന്ന ഇത്തരം ജല്‍പ്പനങ്ങള്‍ അപകടകരമാണ്. 'തിളക്ക'ത്തിലെ നായകന് മുണ്ടുരിഞ്ഞതിനു തല്ലു കിട്ടിയിട്ടുണ്ട്. സംന്യാസികളും അവരെ ഗുരുക്കളായി കാണുന്ന വിശ്വാസികളും ഏറെ സഹിഷ്ണുക്കളായതിനാല്‍ തല്ലൊന്നും മന്ത്രിയ്ക്ക് കിട്ടില്ലെന്ന് നൂറു ശതമാനം ഉറപ്പ്. പക്ഷേ, 'എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ' എന്ന് ഒരു സിനിമയിലെ കഥാപാത്രം പോലീസിനെ നിര്‍ബന്ധിക്കുന്നതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഒരുപക്ഷേ അങ്ങനെയൊക്കെ വേണമെന്നായിരിക്കണം പാര്‍ട്ടിയുടെ തിരക്കഥ. ഒരു പ്രസ്താവന, അതിനോട് എതിര്‍പ്പ്, തര്‍ക്കം, തല്ല്, സംഘര്‍ഷം, നിരോധനം, അതിലൂടെ കലാപം... അങ്ങനെയൊക്കെ ആസൂത്രണമുണ്ടാവാമെന്നും ഭയക്കണം. തെരഞ്ഞെടുപ്പില്‍ പോലും ജയിക്കുമോ എന്നുറപ്പില്ലാതിരിക്കെ, മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ 'കിലുക്ക'ത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ കിട്ടുണ്ണിക്ക് ലോട്ടറിയടിച്ചപ്പോഴുണ്ടായ മാനസികാവസ്ഥയായി മാത്രം മന്ത്രിയുടെ പെരുമാറ്റങ്ങളെ കാണാനാവില്ല തന്നെ. പക്ഷേ, കവിതയെഴുതി ആറുലക്ഷം രൂപ റോയല്‍റ്റി കിട്ടിയെന്ന വെളിപ്പെടുത്തല്‍ നടത്തി മലയാള പ്രസിദ്ധീകരണരംഗത്തെയാകെ മന്ത്രി ഞെട്ടിച്ചതോര്‍ക്കുമ്പോള്‍ പിന്നെയും ആ മന്ത്രി മനസ്സ് പിടിതരാതെ ചാടിക്കളിക്കുകയാണ്. 'ആരാണ് നീ ഒബാമ' എന്ന മന്ത്രിക്കവിതയുടെ തലക്കെട്ടു കടമെടുത്താല്‍ ആരും ചോദിച്ചുപോകും- 'ആരാണു നീ സുധാകരാ'എന്ന്. പണ്ട് ചങ്ങമ്പുഴ കവിതയെഴുത്തു നിര്‍ത്തണമെന്ന് കമ്മ്യൂണിസ്റ്റ് സഖാക്കള്‍ പ്രമേയം പാസാക്കിയെന്നും ഇല്ലെന്നുമുള്ള തര്‍ക്കവും ഞാനായിരുന്നു ആ സംഭവത്തില്‍ പ്രമുഖന്‍ എന്ന സഖാവ് ടി.കെ. രാമകൃഷ്ണന്റെ മുമ്പത്തെ പ്രഖ്യാപനവുമൊക്കെ മുന്‍നിര്‍ത്തിപ്പറയട്ടെ, ജി. സുധാകരന്‍ കവിതയെഴുത്തുനിര്‍ത്തണമെന്ന് പ്രമേയം വരാതിരിക്കാനും ശ്രദ്ധിക്കേണ്ടത് പാര്‍ട്ടിയാണെന്ന് തോന്നുന്നു. ആവര്‍ത്തിക്കുന്നു, ജി. സുധാകരന്‍ എന്ന വ്യക്തിയല്ല, മന്ത്രി സുധാകരനാണ് വിഷയം. സുധാകരന്റെ നാവുവിലക്കാന്‍ തയ്യാറാകേണ്ടത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. പക്ഷേ അതിനും മേലേ പടര്‍ന്നു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. പിണറായിക്ക് 'റാന്‍' മൂളാനേ ഇനിയുള്ളകാലത്ത് പാര്‍ട്ടി സെക്രട്ടറിയെങ്കിലും കോടിയേരിക്കാവൂ. എന്നാല്‍, മന്ത്രിയോട് ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നു വിലക്കാന്‍ പിണറായിക്കാവില്ലല്ലോ. കാരണം, മുഖ്യമന്ത്രി മുഖ്യമായും നാവുവളയ്ക്കുന്നത് സുധാകരനെപ്പോലൊക്കെ പറയാന്‍ തന്നെയാണല്ലോ. കഴിഞ്ഞയാഴ്ച ഏഴു ദിവസവും ദിനചര്യയെന്നവണ്ണം മുഖ്യമന്ത്രി പ്രസ്താവിച്ചത് ആര്‍എസ്എസിനെക്കുറിച്ചാണല്ലൊ, അതും ഇല്ലാക്കഥകള്‍, പോലീസ് അന്വേഷണത്തിലിരിയ്ക്കുന്ന കേസുകളില്‍ വിധി പ്രസ്താവം! പിന്നെയും സിനിമക്കഥ തന്നെ വരികയാണ്; 'മൂക്കില്ലാ രാജ്യത്ത്' എന്ന സിനിമയില്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് ചാടി വിദേശ വസ്ത്ര ബഹിഷ്‌കരണ വേദിയില്‍ എത്തിയ കഥാപാത്രത്തെ നടന്‍ തിലകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദര്‍ശവും അടിവസ്ത്രവും തമ്മിലുള്ള ബന്ധവും അകലവും അത് വ്യക്തമാക്കുന്നുണ്ട്. അടിവസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുലമ്പലുകള്‍ പ്രായോഗിക വഴിയിലെത്തും മുമ്പ് മന്ത്രിയ്ക്ക് ഒരു സെന്‍സറിങ് അനിവാര്യം തന്നെയാണെന്ന് ആവര്‍ത്തിക്കട്ടെ. ഒന്നുകില്‍ പാര്‍ട്ടി, അല്ലെങ്കില്‍ മുഖ്യമന്ത്രി അതു ചെയ്യാന്‍ ഇനി വൈകരുത്. ഇത് മലയാളിയുടെ പ്രശ്‌നംകൂടിയാണ്. **************************** പിന്‍കുറിപ്പ്:- ഐക്യകേരളം പിറന്നിട്ട് 60 വര്‍ഷം. കാലവര്‍ഷം പ്രതിവര്‍ഷം ഇതുവരെ മുടങ്ങിയിട്ടില്ല; കാലവര്‍ഷക്കെടുതിയും. ആസൂത്രണത്തിലെ പിഴവുകളല്ല, ദുരന്തങ്ങള്‍ക്കു കാരണം പ്രകൃതിയുടെ വികൃതിയാണെന്ന് പറഞ്ഞൊഴിയാന്‍ അധികാരികള്‍ക്കാകുമോ. ധനമന്ത്രി അവതരിപ്പിയ്ക്കാന്‍ പോകുന്ന ധവളപത്രത്തില്‍ ഇക്കാലമത്രയും കടലിലിട്ട കല്ലിന്റെ ചെലവു കണക്കും വരുമോ ആവോ. വര്‍ഷക്കെടുതികളിലെ കൃഷി നാശത്തിന്റെ 60 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും- ലോകത്തിന്റെ കൃഷി തലസ്ഥാനം കേരളമാണെന്ന് ആരെങ്കിലും ചരിത്രമെഴുതിപ്പോകില്ലെ. കാലവര്‍ഷവും കൃഷിനാശവും ചിലര്‍ക്കെങ്കിലും വാര്‍ഷിക വരുമാന മാര്‍ഗ്ഗമായി മാറിയിട്ടില്ലെ. സംശയിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.