വ്യാജ മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

Monday 13 June 2016 9:12 pm IST

പൊന്‍കുന്നം: വീട്ടമ്മമാരെ കബളിപ്പിച്ച് സംസ്ഥാന വ്യാപകമായി ലക്ഷങ്ങളുടെ തട്ടിപ്പ്. പള്ളിയുമായി ബന്ധപ്പെട്ട മൈക്രോഫിനാന്‍സ് സ്ഥാപനമെന്ന വ്യാജേനയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. പാലക്കാട്, ഒലവക്കോട് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പേരില്‍ പാലാ സ്വദേശിയായ സ്ത്രീയാണ് നിരവധി വീട്ടമ്മമാരെ തട്ടിപ്പിന് ഇരയാക്കിയത്. അന്വേഷണത്തില്‍ ഇവരുടെ സ്ഥാനപത്തിന് പള്ളിയുമായി യാ തൊരു ബന്ധവുമില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. എന്നാല്‍ പള്ളിയുമായി ബന്ധപ്പെട്ട മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ അതേ പേരുതന്നെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്നതിന് പള്ളിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് സ്ഥാപനം എന്നു പറഞ്ഞാണ് വീട്ടമ്മമാരെ വലയിലാക്കിയത്. ലോണിനുള്ള അംഗത്വത്തിനായി 5000 മുതല്‍ 12,500 രൂപ വരെ ഓരോരുത്തരില്‍ നിന്നും വാങ്ങി. ആവശ്യക്കാര്‍ക്ക് ഒന്നിലധികം ലോണുകളും നല്‍കും. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ആധാര്‍, തെരഞ്ഞെടുപ്പ് ഐഡി എന്നിവയുടെ പകര്‍പ്പുകളും രണ്ട് ഫോട്ടോയും വാങ്ങും. ഇപ്രകാരം അംഗത്വമെടുക്കുന്നവര്‍ക്ക് 15 മുതല്‍ 30 ദിവസത്തിനകം ഒരുലക്ഷം രൂപ ഈടില്ലാതെ ലോണായി നല്‍കുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. സ്ത്രീകളെ മാത്രമേ പദ്ധതിയില്‍ ചേര്‍ത്തിരുന്നുള്ളു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും തിരിച്ചറിയില്‍ രേഖകള്‍ അവര്‍ അറിയാതെയും സംഘടിപ്പിച്ച് അംഗത്വഫീസ് അടച്ച വീട്ടമ്മമാരും ഉണ്ട്. പ്രതിമാസം ആയിരം രൂപ വീതം മാത്രം തിരിച്ചടച്ചാല്‍ മതിയെന്നായിരുന്നു നിബന്ധന. പണം കൊടുത്തതിനോ വാങ്ങിച്ചതിനോ പ്രത്യേക രേഖകള്‍ നല്‍കിയിരുന്നില്ല. പാലായിലെ പാതയോരത്തും വിവിധ വ്യാപാരസ്ഥാപനങ്ങളിലും വച്ചായിരുന്നു തട്ടിപ്പുകാര്‍ പണം കൈപ്പറ്റിയിരുന്നത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് പാവപ്പെട്ട കുടുംബത്തിലെ ഒരു വീട്ടമ്മയെ കണ്ടുപിടിച്ചാണ് തട്ടിപ്പി ന്റെ തുടക്കം. ഇവരെ കമ്പനിയുടെ പ്രദേശത്തെ കളക്ഷന്‍ ഏജന്റാക്കി പ്രതിമാസം വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനത്തില്‍ കുരുങ്ങി ഇവര്‍ അതാത് സ്ഥലത്തെ നൂറുകണക്കിന് ആള്‍ക്കാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിരിച്ചു നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ലക്ഷം രൂപ കിട്ടാഞ്ഞതിനാല്‍ പണം കൊടുത്തവരുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രധാനികളായി നിന്ന വീട്ടമ്മമാരില്‍ പലരും ഇപ്പോള്‍ ഒളിവിലാണ്. പാലാ സ്വദേശിനിയായ സ്ത്രീയുടെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നതെങ്കിലും തട്ടിപ്പിന് പിന്നില്‍ ഉന്നത കേന്ദ്രങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. പാലാ, തിടനാട്, പൊന്‍കുന്നം ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 19ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരെ പോലീസുകാര്‍ തന്നെ പിന്തിരിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന് ആക്ഷേപമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കിക്കൊള്ളാമെന്ന എഗ്രിമെന്റ് പരാതിക്കാര്‍ക്ക് എഴുതി നല്‍കിച്ച് തട്ടിപ്പുകാരിയെ രക്ഷപെടുത്തുന്നതിന് പോലീസ് കൂട്ടുനില്‍ക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.