ക്യാമ്പുകളില്‍ 15,256 പേര്‍; മരം വീണ് സ്‌ക്കൂള്‍ തകര്‍ന്നു

Monday 13 June 2016 9:13 pm IST

പന വീണ് തകര്‍ന്ന കണ്ണമംഗലം ഗവ.യുപിജി സ്‌കൂള്‍ കെട്ടിടം

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇന്നലെ നാല് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ഇന്നലെയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ പുതുതായി ഏഴ് ക്യാമ്പുകള്‍ കൂടി തുറന്നതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 38 ആയി.
അമ്പലപ്പുഴ താലൂക്കില്‍ നാലും കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് ഇന്നലെ തുറന്നത്. 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,027 കുടുംബങ്ങളില്‍ നിന്നുള്ള 15,256 പേരാണുള്ളത്. മാവേലിക്കരയില്‍ പനച്ചുമൂട് കണ്ണമംഗലം ഗവ. യുപിജി സ്‌കൂളിന് മുകളിലേക്ക് പനമരം വീണ് മേല്‍ക്കൂര തകര്‍ന്നു. മാവേലിക്കരയില്‍ അഞ്ച് വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചെങ്ങന്നൂരില്‍ രണ്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പാവുക്കര കൊരട്ടിശേരിയില്‍ ഗീത രവികുമാറിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.കുട്ടനാട് താലൂക്കില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.അമ്പലപ്പുഴ താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഇടയില്‍ വീട്ടില്‍ സുചിത്രന്‍, പുതുവലില്‍ സുരേഷ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.
92,770 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചേര്‍ത്തല താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പുര്‍ണമായും തകര്‍ന്നു. ചേര്‍ത്തല വടക്ക് വില്ലേജില്‍ ബാബുവിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മടവീഴ്ചയും വെള്ളക്കെട്ടും മൂലം ജില്ലയില്‍ ഇന്നലെ മാത്രം 1.01 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റിലും മഴയിലും പനച്ചുമൂട് കണ്ണമംഗലം ഗവ. യുപിജി സ്‌കൂളിനു മുകളിലേക്ക് പന പിഴുതു വീണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഞായറാഴ്ച രാത്രിയിലാണു സംഭവം. സ്‌കൂളിന്റെ കിഴക്കു ഭാഗത്തുള്ള കെട്ടിടത്തിനു മുകളിലേക്കാണു സ്‌കൂള്‍ വളപ്പില്‍ നിന്ന പന പിഴുതു വീണത്. രണ്ട് ക്ലാസ് മുറികള്‍ പൂര്‍ണമായി തകര്‍ന്നു. രാത്രിയായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പനയില്‍ ചുറ്റിപ്പടര്‍ന്നു വളര്‍ന്ന ആല്‍മരത്തിന്റെ ശിഖരങ്ങളുടെ ഭാരം മൂലമാണു പന പിഴുതു വീണത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. പൊട്ടിയ ഓടും പട്ടികകളും മറ്റ് തടിക്കഷണങ്ങളും വീണ് മുറിക്കുള്ളിലെ കസേര, ഡസ്‌ക്, ബഞ്ച് എന്നിവ ഉപയോഗശൂന്യമായി. സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ക്ലാസുകളിലായി ഇരുപത് വിദ്യാര്‍ത്ഥികളാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.