കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു; രണ്ടാംകൃഷി വെള്ളപ്പൊക്ക ഭീഷണിയില്‍

Monday 13 June 2016 9:15 pm IST

എടത്വാ: മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഗ്രാമീണ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. വിതയിറക്കി ആഴ്ചകള്‍ പിന്നിട്ട രണ്ടാംകൃഷി വെള്ളപ്പൊക്കഭീഷണിയില്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് കുട്ടനാടിന്റെ താഴ്ന്ന പ്രദേശം വെള്ളത്തില്‍ മുങ്ങിയത്. കൈനകരി കുപ്പപ്പുറം പാടത്ത് മടവീണപ്പോള്‍ രണ്ടാംകൃഷി ആരംഭിച്ച മിക്ക പാടശേഖരങ്ങളും വെള്ളപ്പൊക്കഭീഷണിയിലാണ്. എടത്വാ കൃഷിഭവനില്‍പെട്ട ദേവസ്വം വരമ്പിനകം, ചുങ്കം-ഇടചുങ്കം, പുത്തന്‍വരമ്പിനകം, വടകര ഇടശ്ശേരികോണം, ഇടപ്രാകരിക്കോണം, മൂക്കോടി, തകഴി കൃഷിഭവനിലെ ചുരവടി, മാമല്ലാക്കല്‍, ചെട്ടുതറക്കരി, കൊല്ലംപടി, പാട്ടത്തില്‍വരമ്പിനകം, തുണ്ടം എന്നീ പാടങ്ങളിലാണ് രണ്ടാം കൃഷിയുള്ളത്. മിക്ക പാടശേഖരങ്ങളും കൃഷി ഇറക്കി ആഴ്ചകള്‍ പിന്നിട്ടു. സംരക്ഷണ ഭിത്തി കെട്ടാത്ത പാടങ്ങളാണ് വന്‍ഭീഷണി നേരിടുന്നത്. പുഞ്ചകൃഷിക്ക് സംഭരിച്ച നെല്ലിന്റെ കാശുലഭിക്കാതെ നട്ടംതിരിയുന്ന കര്‍ഷകര്‍ കടംവാങ്ങിയും പലിശക്കെടുത്തുമാണ് രണ്ടാംകൃഷി ഇറക്കിയത്. മഴ നീണ്ടുനിന്നാല്‍ വിതയിറക്കിയ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടത്തിനുചുറ്റും കര്‍ഷകരും, തൊഴിലാളികളും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളം പൊങ്ങിയതോടെ നദികളിലും തോടുകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. എടത്വാ, തകഴി, വീയപുരം, മുട്ടാര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക ഇടറോഡുകളിലും വെള്ളം കയറി. നടപ്പാതകളില്‍ മുട്ടോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. നീരേറ്റുപുറം-മുട്ടാര്‍- കിടങ്ങറ സംസ്ഥാനപാതയും, ഒട്ടുമിക്ക ഗ്രാമീണ റോഡുകളും, നടപ്പാതകളും വെള്ളത്തില്‍ മുങ്ങി. വെള്ളം ഇനിയും ഉയര്‍ന്നാല്‍ കൃഷി നാശത്തിനൊപ്പം കുട്ടനാട്ടിലെ ഗതാഗതവും സ്തംഭിക്കാന്‍ സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.