മനസ്സിലെ ഭാവനയ്ക്കപ്പുറമുള്ള സാധ്യതകളുമായി കൊച്ചിയില്‍ പോയട്രി ഇന്‍സ്റ്റലേഷന്‍

Monday 13 June 2016 9:22 pm IST

കൊച്ചി: ഒരുകാലത്ത് കേരളത്തിലെ യുവത്വം കവിതയെ പ്രണയിച്ചവരായിരുന്നു. ഇഷ്ടകവികളുടെ രണ്ടുവരി കവിതയില്ലാതെ അവരുടെ ചര്‍ച്ചകള്‍ പൂര്‍ണമാവുകയും ഇല്ലായിരുന്നു. എന്നാല്‍ പോകപ്പോകെ കവിതയില്‍ നിന്നും യുവത്വം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് കവിത വായിക്കുമ്പോള്‍, ഈണത്തില്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന ഭാവനയ്ക്കപ്പുറം ഒരു സാധ്യതയെക്കുറിച്ച് രണ്ടുപേര്‍ ചിന്തിച്ചത്. ചെറുകഥാകൃത്തും സംവിധായകനുമായ വിനോദ് കൃഷ്ണയുടെ മനസ്സില്‍ തോന്നിയ ആശയം സുഹൃത്തും സൗണ്ട് ഡിസൈനറുമായ രംഗനാഥ് രവിയുമായി പങ്കുവയ്ക്കുകയും ആ ആശയത്തെ പിന്തുണയ്ക്കാന്‍ സുഹൃത്തുക്കള്‍ ഒത്തുചേരുകയും ചെയ്തതിന്റെ ഫലമാണ് പോയട്രി ഇന്‍സ്റ്റലേഷന്‍. കവിതയ്ക്ക് ശബ്ദവും രൂപവും നല്‍കി നവഭാവം നല്‍കിയിരിക്കുകയാണ് പോയട്രി ഇന്‍സ്റ്റലേഷനിലൂടെ. കഴിഞ്ഞ വര്‍ഷമാണ് ശബ്ദവും കാഴ്ചയും സമന്വയിപ്പിച്ചുകൊണ്ട് കവിതയുടെ ശില്‍പാവിഷ്‌കാരത്തിന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ തുടക്കം കുറിച്ചത്. അന്ന് രണ്ട് കവിതകളായിരുന്നു ഉപയോഗിച്ചിരുന്നത്. ത്രി ഡയമെന്‍ഷനിലായിരുന്നു അത് ചെയ്തത്. പോയട്രി ഇന്‍സ്റ്റലേഷന്റെ രണ്ടാം പതിപ്പില്‍ നാല് കവിതകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയതയിലൂന്നിയുള്ളതാണ് ഈ കവിതകള്‍. മനുഷ്യപക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയത്തെ കവിതയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്ന് വിനോദ് കൃഷ്ണ പറയുന്നു. കവി കാണാത്ത, വായനക്കാരന്‍ കാണാത്ത, വിമര്‍ശകന്‍ കാണാത്ത ബിംബത്തെ കണ്ടെത്തുക എന്നതായിരുന്നു പ്രധാനവെല്ലുവിളി. കൂട്ടായ ചര്‍ച്ചകളാണ് ഇന്‍സ്റ്റലേഷന് പൂര്‍ണത നല്‍കിയിരിക്കുന്നതെന്നും വിനോദ് പറയുന്നു. കവിത, ശബ്ദം, ശില്‍പം എന്നിങ്ങനെ മൂന്ന് തലങ്ങളെ, ശബ്ദമായും കാഴ്ചയായും ആസ്വാദകന് അനുഭവിക്കാന്‍ സാധിക്കുന്നു. കവിതയ്ക്കനുസൃതമായ ശബ്ദം ഉപയോഗിക്കുന്നതിന് മുമ്പ് കവി എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് രംഗനാഥ് പറയുന്നു. കവിത വായിച്ചതിനുശേഷം അതിനെ ശബ്ദം കൊണ്ട് നിരീക്ഷിക്കുകയായിരുന്നു. ഒരു കവിതയില്‍ ഉപയോഗിച്ച ശബ്ദം മറ്റൊന്നില്‍ ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു പ്രധാനവെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു. രണ്ട് കവിതകള്‍ക്ക് ത്രി ട്രാക്കിലും മറ്റ് രണ്ട് കവിതകള്‍ക്ക് സ്റ്റീരിയോ രീതിയിലുമാണ് ശബ്ദം കൊടുത്തിരിക്കുന്നത്. ശബ്ദത്തെ സ്വതന്ത്രരൂപത്തില്‍ ആസ്വദിക്കാന്‍ പറ്റുന്ന മാധ്യമമാണ് ഇന്‍സ്റ്റലേഷന്‍ എന്നും രംഗനാഥ് പറയുന്നു. നാല് കവിതകളാണ് പോയട്രി ഇന്‍സ്റ്റലേഷനില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ടിബറ്റന്‍ കവി ടെന്‍സിന്‍ സ്യുന്തുവിന്റെ ധരംശാലയില്‍ മഴ പെയ്യുമ്പോള്‍, റഫീക് അഹമ്മദിന്റെ ദേശഭക്തിയെക്കുറിച്ച് ചില വരികള്‍,സിനി മാത്യു ജോണിന്റെ ചതുരംഗപ്പലകയിലെ ആരവങ്ങള്‍, അജീഷ് ദാസന്റെ ശവപ്പെട്ടി മാര്‍ച്ച് എന്നീ കവിതകളാണ് ശബ്ദം കൊണ്ടും ശില്‍പംകൊണ്ടും അര്‍ത്ഥതലങ്ങള്‍ക്കൊണ്ടും ആസ്വാദക മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ടെന്‍സിന്‍ സ്യുന്തുവിന്റെ കവിത ചൊല്ലിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. 'ധരംശാലയില്‍ മഴപെയ്യുമ്പോള്‍ മഴത്തുള്ളികള്‍ ബോക്‌സിംഗ് കയ്യുറകള്‍ അണിയും അവ ആയിരങ്ങളായി താഴേക്ക് പാഞ്ഞുവന്ന് എന്റെ മുറിയെ ആഞ്ഞ് പ്രഹരിക്കും' ഈ വരികള്‍ ജോയ് മാത്യുവിന്റെ ശബ്ദത്തോടൊപ്പം നമ്മെ കൂട്ടിക്കൊണ്ടുപോവുക മഴ പെയ്യുന്ന ധരംശാലയിലേക്കായിരിക്കും. പാവപ്പെട്ടവന്റെ ദയനീയതയെക്കുറിച്ചാണ് ശവപ്പെട്ടി മാര്‍ച്ച് എന്ന കവിത സംവദിക്കുന്നത്. കവിതയെ ശബ്ദങ്ങള്‍ക്കൊണ്ടും രൂപംകൊണ്ടും അനുഭവിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ പോയട്രി ഇന്‍സ്റ്റലേഷന്‍. കവിത കലാപമാണെങ്കില്‍ അത് അസ്വസ്ഥത അനുഭവിക്കുന്ന മനസ്സുകളുടെ നേര്‍ക്കാഴ്ചയാണ്. ആ കാഴ്ചയാണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നതും. സുഹൃത്തുക്കളുടെ കൂടിച്ചേരലാണ് പോയട്രി ഇന്‍സ്റ്റലേഷന്‍ രണ്ടാം പതിപ്പിന്റെ വിജയത്തിനുപിന്നിലും. ഷാരോണ്‍ ഫിലിപ്പാണ് ആര്‍ട് ചെയ്തിരിക്കുന്നത്. ഫൈബര്‍, മെറ്റല്‍ എന്നിവ ഉപയോഗിച്ചാണ് ഇന്‍സ്റ്റലേഷന്‍ നിര്‍മിച്ചിരിക്കുന്നത്. അഡ്വ. പി.രവീന്ദ്രനാഥ്, ജി.എസ്. വിനയന്‍, ആര്‍. സമീറുദ്ദീന്‍ എന്നിവരാണ് പ്രോജക്ട് ഡിസൈനേഴ്‌സ്. ധന്യ കെ. വിളയില്‍, അഡ്വ. ഷഹ്ന എന്നിവരാണ് കോഓര്‍ഡിനേഷന്‍. കൊച്ചി ദര്‍ബാര്‍ ഹാളില്‍ ജൂണ്‍ 9ന് ആരംഭിച്ച പോയട്രി ഇന്‍സ്റ്റലേഷന്‍ ജൂണ്‍ 15 വൈകിട്ട് ഏഴ് മണിവരെ തുടരും. മാസങ്ങള്‍ നീണ്ട പരിശ്രമമാണ് നവ്യമായ ഈ കലാവിഷ്‌കാരത്തിന് പിന്നില്‍. വരും വര്‍ഷങ്ങളിലും കൂടുതല്‍ പുതുമയുമായി, കവിതയെ ശബ്ദ, ദൃശ്യാനുഭവമായി ആസ്വാദകരിലേക്ക് എത്തിക്കുമെന്ന ഉറപ്പാണ് ഇതിന്റെ സംഘാടകര്‍ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.