ഭാരതം ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രം

Monday 13 June 2016 9:34 pm IST

അലഹബാദ്: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്ക് ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ പിന്തുണ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിന്റെ ഫലമായി രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അഭിവൃദ്ധിപ്പെടുകയാണെന്നും സാമൂഹ്യ സമത്വവും സാമ്പത്തിക ശാക്തീകരണവും സംജാതമായെന്നും നിര്‍വാഹക സമിതി അംഗീകരിച്ച പ്രമേയം വിശദീകരിക്കുന്നു. ഭാരതം ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രമാണെന്ന് സാമ്പത്തിക പ്രമേയം വിശദീകരിയ്ക്കുന്നതായി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിശദീകരിച്ചു. ശക്തവും തിളക്കമാര്‍ന്നതുമായ ഭാരതത്തിന്റെ നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഠിനാധ്വാനമാണ് നിര്‍വഹിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യപൂര്‍ണ്ണമായ കാഴ്ചപ്പാടുകള്‍ക്ക് രാജ്യം മുഴുവനും അംഗീകാരം ലഭിച്ചിരിക്കുകയാണ്. ബിജെപിയും രാജ്യത്തെ മുഴുവന്‍ ജനങ്ങളും കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്നു. രാജ്യം മുഴുവന്‍ സാമ്പത്തിക മരവിപ്പ് ബാധിച്ച സമയത്തുപോലും ഭാരതം മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നത്. ലോകത്തിലെ മികച്ച സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങള്‍പോലും വളര്‍ച്ചാനിരക്കില്‍ പ്രതിസന്ധി നേരിടുമ്പോഴാണിത്. തുടര്‍ച്ചയായ രണ്ടുവര്‍ഷത്തെ വരള്‍ച്ച മറികടന്ന് ഭാരതം വളര്‍ച്ചാ നിരക്ക് കൈവരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയായി രാജ്യം മാറ്റപ്പെടുകയാണ്. ആഗോള സാമ്പത്തിക വിദഗ്ധര്‍, ചിന്തകര്‍, ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, അന്തര്‍ദേശീയ മാധ്യമങ്ങള്‍ എന്നിവരെല്ലാം രാജ്യത്തിന്റെ വളര്‍ച്ചയെ നല്ല നിലയില്‍ വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ മികച്ച പദ്ധതികളും നടപടികളും വഴിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യവളര്‍ച്ച ത്വരിതഗതിയിലാക്കാന്‍ സഹായിച്ചത്. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണത്തെ ത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കഠിനാധ്വാനം ചെയ്യേണ്ട സാഹചര്യമാണുണ്ടായത്. യുപിഎയുടെ നയരാഹിത്യവും ദുര്‍ഭരണ നടപടികളും അഴിമതിയും ഇല്ലാതാക്കേണ്ടതുണ്ടായിരുന്നു. സാമ്പത്തിക രംഗത്തെ വളര്‍ച്ചയുടെ മാര്‍ഗ്ഗത്തിലേക്ക് തിരികെ എത്തിക്കുകയെന്നത് ഇരട്ടിപ്പണിയായി മാറി. 2014-15ല്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമായി ഉയര്‍ന്നിരുന്നു. 2015-16ല്‍ 7.6 ശതമാനമായും ഉയര്‍ന്നു. അവസാന പാദത്തിലെ ഇത് 7.9 ശതമാനത്തിലെത്തിയിട്ടുണ്ട്. 2015ല്‍ വന്‍തോതിലുള്ള വിദേശ നിക്ഷേപമാണ് ഭാരതത്തിലേക്ക് ഒഴുകിയെത്തിയത്. യുപിഎ കാലത്തെ നയരാഹിത്യം മൂലം 14ലക്ഷംകോടിരൂപയുടെ ഫണ്ടാണ് വിവിധ പദ്ധതികളിലായി മുടങ്ങിക്കിടന്നത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1.2 ശതമാനം അധിക വളര്‍ച്ചയാണ് കൈവരിച്ചത്. ഇതില്‍ അവസാന പാദത്തില്‍ 2.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായിരുന്ന അവസ്ഥ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അവസാനിച്ചിരിക്കുന്നു. വ്യാവസായിക മേഖലയില്‍ മുന്‍വര്‍ഷത്തെ 5.9ല്‍ നിന്നും 7.4 ശതമാനം വളര്‍ച്ചയുണ്ടാക്കാനും സാധിച്ചു. 2014-15ല്‍ പൂജ്യം ശതമാനത്തില്‍ താഴെയായിരുന്നു രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച. മുടങ്ങിക്കിടന്ന 1.15 ലക്ഷം കോടി രൂപയുടെ 42 പദ്ധതികളാണ് 2015 ഫെബ്രുവരി മുതല്‍ പുനരാരംഭിച്ചത്. 2015-16വര്‍ഷത്തെ വികസന കുതിപ്പിന് ഇത് സഹായിച്ചു. നികുതി പരിഷ്‌ക്കരണങ്ങളും പാപ്പരത്വ നിയമവും നടപ്പാക്കിയത് മികച്ച സാമ്പത്തിക വളര്‍ച്ചയ്ക്ക സഹായകമായി. സദ്ഭരണത്തിലൂടെ ഭരണ സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തിയതോടെ നിക്ഷേപകരുടെ വിശ്വാസവും വര്‍ദ്ധിച്ചു. അഴിമതി രഹിത ഭരണം രാജ്യത്ത് വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കി. 2013-14ല്‍ 36 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം മാത്രം ലഭിച്ചപ്പോള്‍ 2014-15ല്‍ 41 ബില്യണ്‍ ഡോളറും2015-16ല്‍ 55 ബില്യണ്‍ ഡോളറും ലഭിച്ചു. വിദേശ കരുതല്‍ 360 ബില്യണ്‍ ഡോളര്‍ മറികടന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. ഇതുമൂലം രാജ്യവളര്‍ച്ചയുടെ അടിസ്ഥാനം വിദേശ കയറ്റുമതിയാണെന്ന മിഥ്യാധാരണ ഇല്ലാതായി. ചരക്കു സേവന നികുതി ബില്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുണാത്മക മാറ്റം രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാകും. എന്നാലിത് തടയാനാണ് കോണ്‍ഗ്രസിന്റെയും മറ്റു ചില പാര്‍ട്ടികളുടേയും ശ്രമമെന്നും സാമ്പത്തിക പ്രമേയം കുറ്റപ്പെടുത്തുന്നു. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ അന്ത്യോദയ എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ല ക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുമായി വിവിധ മേഖലകളില്‍ നിരവധി നടപടികള്‍ സ്വീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷം കൊണ്ട് സാധിച്ചു. എല്ലാവരുടേയും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സാമ്പത്തിക പ്രമേയം വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.