വാഹനാപകടം: ജില്ലയില്‍ നാലു മരണം

Monday 13 June 2016 10:44 pm IST

കണ്ണൂര്‍: ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പിനടുത്ത് കുറ്റിക്കോല്‍, പാനൂരിനടുത്ത് വള്ള്യായി, തൃശൂര്‍ ജില്ലയിലെ കൊരട്ടി, ഇരിട്ടി കല്ലടിമുക്ക് എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിലാണ് നാലുപേര്‍ മരിച്ചത്. കുറ്റിക്കോലില്‍ കാറും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് വടകര തിരുവള്ളൂരിനടുത്ത പാങ്ങോട് സ്വദേശി കുറ്റിയില്‍ അബ്ദുള്‍ റഹിമാന്‍(63), കൊരട്ടിയില്‍ ലോറിയിടിച്ച് ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ പയ്യാവൂര്‍ വെമ്പുവ സ്വദേശി കേളോത്ത് രമേശന്‍(44), പാനൂര്‍ വള്ള്യായിയില്‍ ടിപ്പര്‍ ലോറിയിടിച്ച് വള്ള്യായിയിലെ മൊട്ടമ്മല്‍ രാജേശ്വരി(54)എന്നിവരാണ് മരിച്ചത്. കുറ്റിക്കോലിലുണ്ടായ അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംസീദ(24), കാര്‍ ഡ്രൈവര്‍ വടകര വടക്കുംകരയിലെ വി.കെ.ഹാരിസ്(28)എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഷംസീദയുടെനില അതീവ ഗുരുതരമാണ്. ഇന്നലെ രാവിലെ 7 മണിയോടെ കുറ്റിക്കോല്‍ പാലത്തിന് സമീപം വെച്ചായിരുന്നു അപകടം. വടകരയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറില്‍ മഹാരാഷ്ട്രയില്‍ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. മകളെ പരിയാരം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ വരികയായിരുന്നു അബ്ദുറഹിമാന്‍. ഭാര്യ: കുഞ്ഞായിഷ. പരിക്കേറ്റ ഷംസീറയെ കൂടാതെ സൗദ, ഷദീദ, ഷാജിദ്, റഹിമാന്‍ എന്നിവരും അബ്ദുറഹിമാന്റെ മക്കളാണ്. മരുമക്കള്‍: അഷറഫ്, അസീസ്. പയ്യാവൂര്‍ വാസവപുരം ക്ഷേത്രത്തില്‍ നിന്നും കണിച്ചിക്കുളങ്ങര ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന സംഘത്തിലെ കേളോത്ത് രമേശനാണ് കൊരട്ടിയിലെ അപകടത്തില്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അങ്കമാലിക്കടുത്ത് കൊരട്ടിയിലെത്തിയപ്പോള്‍ ടെമ്പോ ട്രാവലറിന്റെ ടയര്‍ പഞ്ചറാവുകയും ഇത് മാറ്റിയിടുന്നതിനിടയില്‍ ഡ്രൈവറായ രമേശനെ ലോറിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞപ്പന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മകള്‍: അഞ്ജലി. സഹോദരങ്ങള്‍: പ്രേമന്‍, പുഷ്പാംഗദന്‍, സുധ, കൃഷ്‌വന്‍. സംസ്‌കാരം ഇന്ന് പയ്യാവൂര്‍ പൊതുശ്മശാനത്തില്‍ നടക്കും. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറിയിടിച്ചാണ് വള്ള്യായിയിലെ അംഗന്‍വാടി ഹെല്‍പ്പര്‍ മൊട്ടമ്മല്‍ രാജേശ്വരി(54) മരണപ്പെട്ടത്. ഇന്നലെ രാവിലെ പാലുവാങ്ങാനായി പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാജേശ്വരിയെ കോഴിക്കോട് കൊണ്ടുപോവും വഴിയാണ് മരണപ്പെട്ടത്. പരേതനായ കുഞ്ഞിരാമന്‍-രോഹിണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സുരേഷ് ബാബു, വനജ. പേരാവൂര്‍ വളയങ്ങാട് പുത്തന്‍പുരയില്‍ സുരേഷ്-രജനി ദമ്പതികളുടെ മകന്‍ വിഷ്ണു (20) ആണ് ബൈക്ക് നിയന്ത്രണം വിട്ട് കനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. കല്ലടിമുക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ടു കാനയിലേക്ക് മറിയുകയായിരുന്നു. സഹോദരി: അശ്വതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.